
□ഇരയുടെ മൃദു സമീപനം തുണച്ചു
തിരുവനന്തപുരം: ബംഗളൂരുവിലെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. ഇരയുടെ മൃദു സമീപനമാണ് രാഹുലിന് തുണയായത്. രാഹുൽ തന്നെ ഇനി വിളിക്കില്ലെന്ന് ഉറപ്പുവരുത്തിയാൽ മതിയെന്ന നിലപാടാണ് യുവതി സ്വീകരിച്ചത്. പരാതിക്കാരി ഒരിടത്തും രാഹുലിന്റെ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതിയും ഉത്തരവിൽ വ്യക്തമാക്കി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസാണ് കേസ് പരിഗണിച്ചത്.
പ്രതി ബോധപൂർവ്വം ഇരയെ ഭീഷണിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് വാട്ട്സ് ആപ് കാൾ ചെയ്തത്. സമാന കേസുകളിലെ പ്രതിയുടെ സമീപനം അറിഞ്ഞാണ് കോടതി ഇരയുമായി ഒരു വിധത്തിലും ബന്ധപ്പെടരുതെന്ന കർശന നിർദ്ദേശം ജാമ്യ വ്യവസ്ഥയിൽ ഉൾകൊള്ളിച്ചത്. പ്രതിയുടെ സ്വാതന്ത്ര്യത്തേക്കാൾ ഇരയുടെ സുരക്ഷക്കാക്കണം കോടതിയുടെ മുൻഗണനയെന്നും സർക്കാർ അഭിഭാഷകൻ മനു കല്ലമ്പള്ളി വാദിച്ചിരുന്നു. ഈ വാദം പരിഗണിച്ച കോടതി ,പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് യുവതിയുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഫോൺ നമ്പർ പ്രതി സ്വയം നീക്കം ചെയ്ത ശേഷം ഇക്കാര്യം സംബന്ധിച്ച സത്യവാങ്മൂലം നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |