
സൂറത്ത്: ഒമ്പത് വർഷം മുമ്പ് നടന്ന എടിഎം ഇടപാടിലെ പിഴവിന്റെ പേരിൽ ലക്ഷങ്ങൾ പിഴ നൽകി ബാങ്ക് ഓഫ് ബറോഡ. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരടേണ്ടി വന്ന പ്രശ്‌നങ്ങളെത്തുടർന്നാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെത്തുടർന്ന് ബാങ്കിന് ലക്ഷങ്ങൾ നഷ്‌ടപരിഹാരം നൽകേണ്ടിവന്നത്.
ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂറത്തിലെ ഉധ്‌ന മേഖലയിലുള്ള ഒരു ഉപഭോക്താവ് എസ്‌ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഇട്ട് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണമോ രസീതോ വന്നില്ല. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ കുറഞ്ഞതായി സന്ദേശം ലഭിച്ചു.
ഇതിനെതിരെ 2017 ഫെബ്രുവരി 21ന് ബാങ്ക് ഓഫ് ബറോഡയുടെ ഭുംഭാൽ ബ്രാഞ്ചിൽ ഉപഭോക്താവ് രേഖാമൂലം പരാതി നൽകി. തുടർന്ന് മാസങ്ങളോളം ഇ - മെയിൽ വഴിയും ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ആർബിഐ അധികൃതരെ സമീപിക്കുകയും സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ അപേക്ഷ നൽകുകയും ചെയ്‌തെങ്കിലും അധികൃതരിൽ നിന്ന് തൃപ്‌തികരമായ മറുപടി ലഭിച്ചില്ല. ഒടുവിൽ 2017 ഡിസംബറിൽ അദ്ദേഹം ഉപഭോക്തൃ ഫോറത്തെ സമീപിച്ചു.
പണമിടപാട് നടന്നത് എസ്‌ബിഐ എടിഎമ്മിലാണെന്നും തങ്ങളുടെ റെക്കോർഡുകൾ പ്രകാരം ഇടപാട് പൂർത്തിയായിരുന്നുവെന്നും അതിനാൽ ഇതിൽ ഉത്തരവാദിത്വമില്ലെന്നുമായിരുന്നു ബാങ്ക് ഓഫ് ബറോഡയുടെ വാദം. എന്നാൽ, ബാങ്കിന്റെ വാദങ്ങൾ ഉപഭോക്തൃ തർക്ക പരിഹാര കോടതി തള്ളി. എടിഎം ഇടപാടിൽ ഉപഭോക്താവിന് പണം ലഭിക്കാത്ത പക്ഷം അഞ്ച് ദിവസത്തിനുള്ളിൽ അത് തിരികെ നൽകണമെന്ന ആർബിഐ നിയമം ബാങ്ക് ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ യഥാർത്ഥ തുകയായ 10,000 രൂപ ഒമ്പത് ശതമാനം വാർഷിക പലിശ സഹിതം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
പണം തിരികെ നൽകുന്നതിൽ 2026 ഫെബ്രുവരി 26 വരെ 3,288 ദിവസത്തെ കാലതാമസമാണ് ഉണ്ടായത്. ഇത് കണക്കാക്കുമ്പോൾ നഷ്‌ടപരിഹാരം മാത്രം 3,28,800 രൂപ വരും. ഇതിന് പുറമേ മാനസിക പീഡനത്തിന് 3000 രൂപയും കോടതി ചെലവുകൾക്കായി 2000 രൂപയും നൽകാനും കോടതി നിർദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |