
ആലപ്പുഴ: തനിക്ക് പാർലമെന്ററി മോഹമില്ലെന്നും രാഷ്ട്രീയ ക്രിമിനലിസത്തിനെതിരെ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അമ്പലപ്പുഴയിൽ മത്സരിക്കുന്നതെന്നും ജി. സുധാകരൻ മാദ്ധ്യമങ്ങളോട്
പറഞ്ഞു.
ആറാം തവണ തുടർച്ചയായി മത്സരിക്കുന്ന ആരിഫിന് പാർലമെന്ററി മോഹമില്ലേ സജി ചെറിയാനും പ്രതിഭയ്ക്കും പാർലമെന്ററി മോഹമില്ലേ. പിണറായിക്ക് ഇളവ് നൽകിയത് പൊളിറ്റ് ബ്യൂറോയാണ്. എ.കെ.ജി മരണം വരെ പാർലമെന്റംഗമായിരുന്നില്ലേ. ആലപ്പുഴയിൽ നിന്ന് എം.എൽ.എയായി പോയവരിൽ നിയമസഭയിൽ നല്ല പ്രസംഗം നടത്തിയവരാരുണ്ട്. അമ്പലപ്പുഴയിൽ സലാമിന് വോട്ട് കുറഞ്ഞെന്ന് ആരോപിച്ചുണ്ടായ അന്വേഷണ റിപ്പോർട്ടാണ് ഇത്തരമൊരു നിലപാടിന് തന്നെ നിർബന്ധിതനാക്കിയത്. കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പിന്തുണയും സ്വീകരണവും നൽകി ആത്മാർത്ഥമായി പ്രവർത്തിക്കുന്നു. ബംഗാളിലും തമിഴ് നാട്ടിലും കോൺഗ്രസുമായി ചേർന്നല്ലേ സി.പി.എം മത്സരിക്കുന്നത്. പഴയ കാലത്തെ അർദ്ധ ഫാസിസ്റ്റ് കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ്. സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന് തലേദിവസം തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവനെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണം. സജീവന്റെ മൃതദേഹം പോലും കിട്ടിയിട്ടില്ല.
ക്ഷുഭിതനായി
സുധാകരൻ
ചാനൽ പ്രവർത്തകരുടെ ചോദ്യങ്ങളോട് പല തവണ ജി. സുധാകരൻ ക്ഷുഭിതനായി. വികസനം ഇടതു സർക്കാർ കൊണ്ടുവന്നതല്ലേയെന്ന ചോദ്യമാണ് സുധാകരനെ ചൊടിപ്പിച്ചത്. വികസനം സർക്കാർ കൊണ്ടുവന്നതാണെന്നാണ് ചിലരുടെ പ്രചാരണം. ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്ന് പറഞ്ഞതു പോലയല്ല. താൻ മന്ത്രിയായിരിക്കെ അമ്പലപ്പുഴയിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകിയശേഷമാണ് സലാം വീട്ടിന് വെളിയിലിറങ്ങിയത്. ചേർത്തലയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി. പ്രസാദിനെതിരെ പ്രസംഗിക്കും. അയാൾ മാന്യനായി ഭാവിക്കുന്നു. അയാളുടെ ശത്രുവല്ലാത്ത തനിക്കെതിരെ പ്രസ്താവനയിറക്കി. വേറെ ഒരിടത്തും താൻ പ്രസംഗിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |