
കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ വിധി ഇന്ന്. ശിക്ഷാവിധിയിന്മേലുള്ള വാദങ്ങൾ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്.
കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റം ചെയ്‌തത് കരുതികൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിക്കുന്നത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിലെത്തും. കൊലപാതകം, വധശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പെടെ പൊലീസ് ചുമത്തിയ വകുപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെതന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളുമാണ് സ്‌പെഷ്യൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |