
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണിത്.
നാവിക ഉപരോധം സൃഷ്ടിച്ച് ഇറാന്റെ എണ്ണ ടാങ്കറുകൾ ദ്വീപിലെത്തുന്നത് തടയുന്നതടക്കം മറ്റ് മാർഗങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഖാർഗിനെ ഉപയോഗിച്ച് ഹോർമുസ് തുറക്കാൻ ശ്രമിച്ചാൽ സാഹചര്യങ്ങൾ കൂടുതൽ വഷളാകും.
ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്നത് പേർഷ്യൻ ഉൾക്കടലിലുള്ള ഖാർഗ് ദ്വീപ് വഴിയാണ്. ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ യു.എസ് അടുത്തിടെ ആക്രമിച്ചിരുന്നു. അതേസമയം, ഇറാൻ തീരത്ത് നിന്ന് 26 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖാർഗിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല.
സൈന്യത്തിന്റെ നേരിട്ടുള്ള ഇടപെടലില്ലാതെ ഖാർഗിനെ പിടിക്കാനാകില്ല. സൈന്യത്തെ കരദൗത്യത്തിന് വിന്യസിക്കില്ലെന്നാണ് നിലവിൽ യു.എസ് നിലപാട്. സൈനികരെ അപകടസാദ്ധ്യതകളിലേക്ക് തള്ളിവിടരുതെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. കരദൗത്യം തുടങ്ങിയിട്ടും ഇറാൻ വഴങ്ങിയില്ലെങ്കിൽ പദ്ധതി വെറുതേയാകുമെന്നതും വെല്ലുവിളി.
എളുപ്പമല്ല പിടിച്ചടക്കൽ
ആദ്യം ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കണം
ആക്രമണം കഠിനമാക്കി ഇറാനെ ദുർബലമാക്കണം. ഇതിന് ഒരു മാസത്തോളം വേണ്ടി വന്നേക്കും
ദ്വീപ് പിടിച്ചെടുത്താൽ ഹോർമുസ് തുറക്കുന്നതിനൊപ്പം യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായും ഇറാനുമേൽ സമ്മർദ്ദം ചെലുത്താമെന്ന് കണക്കുകൂട്ടൽ
# കൂടുതൽ സൈന്യം
ദൗത്യത്തിന് ട്രംപിന്റെ അംഗീകാരം ലഭിച്ചാൽ കൂടുതൽ സൈന്യത്തെ മേഖലയിലേക്ക് അയയ്ക്കും. 2,200 മറീൻ സൈനികരുമായി യു.എസ്.എസ് ട്രിപ്പോളി പടക്കപ്പൽ അടുത്തയാഴ്ച മിഡിൽ ഈസ്റ്റിൽ എത്തും. എഫ് - 35 ബി യുദ്ധവിമാനങ്ങളും എം.എച്ച് - 60 എസ് സീഹോക്ക് ഹെലികോപ്റ്ററുകളും ട്രിപ്പോളിയിലുണ്ട്.
മറ്റൊരു ഓപ്ഷൻ
അടുത്ത രണ്ടാഴ്ച കൂടി ഇറാനെതിരെ ആക്രമണം തുടരുകയാണ് ഹോർമുസ് തുറക്കാൻ യു.എസിന് മുന്നിലുള്ള മറ്റൊരു വഴി. ശേഷം യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ വിന്യസിക്കും. ഹോർമുസിലൂടെയുള്ള സുരക്ഷിത സഞ്ചാരത്തിന് സഹകരിക്കാമെന്ന് ഏതാനും യൂറോപ്യൻ രാജ്യങ്ങളും അറിയിച്ചിട്ടുണ്ട്.
# നാറ്റോ 'ഭീരുക്കൾ': ട്രംപ്
യുദ്ധത്തിൽ യു.എസിന് പിന്തുണ നൽകാത്തതിന്റെ പേരിൽ നാറ്റോ സഖ്യകക്ഷികളെ 'ഭീരുക്കൾ" എന്ന് വിളിച്ച് ട്രംപ്. യു.എസ് ഇല്ലെങ്കിൽ നാറ്റോ വെറും കടലാസ് പുലിയായിരിക്കുമെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |