
ഒന്നും രണ്ടുമല്ല അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് മുംബയ് ഇന്ത്യൻസിന്റെ ഷെൽഫിൽ മിന്നിത്തിളങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 5 സീസണുകളിൽ ഒരിക്കൽപ്പോലും ഫൈനലിൽ എത്താൻ മുംബയ്‌ക്കായില്ല. 2022ലും 24ലും അവസാന സ്ഥാനത്തേയ്‌ക്ക് വീഴുകയും ചെയ്തു.2024 സീസണിന് മുൻപ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്ടനാക്കിയതിന് പിന്നാലെ ഉയർന്ന ആരാധകരോഷവും വിവാദങ്ങളും ടീമിനെ ഉലച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തെത്തിയ ടീം ഫൈനലിന് തൊട്ടരികിലെത്തിയിരുന്നു. ക്വാളിഫയർ2ൽ പഞ്ചാബ് കിംഗ്‌സിനോട് തോറ്റാണ് പുറത്തായത്. ആറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറാം കിരീടമുയർത്താമെന്ന പ്രതീക്ഷയിൽ ബാറ്റിംഗിലും ബൗളിംഗിലും ഒന്നിനൊന്ന് മികച്ച സൂപ്പർ താരങ്ങളുമായാണ് മുംബയ് ഐ.പി.എല്ലിന്റെ 19-ാം പതിപ്പിനിറങ്ങുന്നത്. ഈ സീസണിന് മുന്നോടിയായുള്ള മിനി ലേലത്തിന് മുമ്പ് 16 താരങ്ങളെയും നിലനിറുത്തിയ മുംബയ് കഴിഞ്ഞ സീസണിലെ കെമിസ്‌ട്രി നിലനിറുത്താമെന്നാണ് കരുതുന്നത്. വെറും 2.75 കോടിയുമായി ലേലലത്തിനെത്തിയ മുംബയ് 1 കോടി രൂപയ്ക്ക് വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിനെ ടീമിലെത്തിച്ച് മികച്ച നീക്കമാണ് നടത്തിയത്. ഡാനിഷ് മലേവാറിനെപ്പോലുള്ള ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങളെയും സ്വന്തമാക്കി. ട്രേഡിംഗിലൂടെ ഷർദുൽ താക്കൂറിനെയും ഷെർഫാൻ റുഥർഫോർഡിനെയും മായങ്ക് മാർക്കണ്ഡയേയും തങ്ങളുടെ കൂടാരത്തിലെത്തിച്ച മുംബയ് കിരീടത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.
കരുത്ത്
രോഹിത് ശർമ്മയും സൂര്യകുമാർ യാദവും തിലക് വർമ്മയും റിക്കൽറ്റണും റുഥർഫോർഡുമെല്ലാം അണിനിരക്കുന്ന ബാറ്റിംഗ് നിര സ്‌ഫോടനാത്മകമാണ്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ഇംഗ്ലീഷ്ഓൾറൗണ്ടർ വിൽ ജാക്ക്‌സിന്റെ സാന്നിധ്യം ടീമിന് നൽകുന്ന ആത്‌മവിശ്വാസം ചെറുതല്ല.
സാക്ഷാൽ ജസ്‌പ്രീത് ബുംറ, ബോൾട്ട്, ദീപക് ചഹർ, ഷർദുൽ താക്കൂർ,മിച്ചൽ സാന്റ്‌നർ,ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം ഉൾപ്പെട്ട ബൗളിംഗ് ലൈനപ്പും ഒന്നിനെന്ന് മെച്ചം.
ന്യൂനത
മിച്ചൽ സാൻ്റ്നറെ ഒഴിച്ചു നിറുത്തിയാൽ മികച്ചൊരു സ്പെഷ്യലിസ്റ്റ് സ്പിന്നറുടെ അഭാവം. മധ്യ ഓവറുകളിൽ ഇത് മുംബയ്ക്ക് തിരിച്ചടിയാണ്. എന്നാൽ ന്യൂബോൾപോലും എടുക്കുന്ന ഫോമിലുള്ള ജാക്ക്‌സിനെപ്പോലുള്ളവർ ആ കുറവ് പരിഹരിക്കാൻ പ്രാപ്തരാണ്,.
ഫൈവ്സ്റ്റാർ
5- തവണ ഐ.പി.എൽ കിരീടം നേടിയിട്ടുണ്ട് മുംബയ്.
ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ ചാമ്പ്യന്മാരായ ടീമെന്ന റെക്കാഡ് ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം പങ്കിടുന്നു.
കിരിടം നേടിയത് - 2013, 2015, 2017, 2019, 2020
2 തവണ ചാമ്പ്യൻസ് ലീഗിലും ചാമ്പ്യന്മാരായി. 2011ലും 13 ലും.
ടീം :
ബാറ്റർമാർ - രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഷെർഫാൻ റുഥർഫോർഡ്, തിലക് വർമ്മ, ഡാനിഷ് മലേ വാർ.
വിക്കറ്റ് കീപ്പർമാർ - റയാൻ റിക്കൽറ്റൺ, ക്വിൻ്റൺ ഡി കോക്ക്, റോബിൻ മിൻസ്
ഓൾ റൗണ്ടർമാർ - ഹാർദിക് പാണ്ഡ്യ ( ക്യാപ്ടൻ), മിച്ചൽ സാൻ്റ്നർ , കോർബിൻ ബോഷ്, വിൽ ജാക്ക്സ്, ഷർദുൽ താക്കൂർ, രാജ് അകത് ഭവ, അതർവ അൻക ലേക്കർ, മായങ്ക് റാവത്ത്,
ബൗളർമാർ - ജസ്പ്രീത് ബുംറ, ട്രെൻഡ് ബോൾട്ട്, ദീപക് ചഹർ ,ഗസൻഫർ, അശ്വനി കുമാർ, മായങ്ക് മർക്കണ്ഡേ, രഘു ശർമ്മ, മുഹമ്മദ് ഇസ്ഹർ.
കോച്ച് : മഹേല ജയവർദ്ധനെ
ഇത്തവണ ആദ്യഘട്ടത്തിൽ
29ന് കൊൽക്കത്തയ്‌ക്ക് എതിരെ
ഏപ്രിൽ 4ന് ഡൽഹിക്കെതിരെ
7ന് രാജസ്ഥാനെതിരെ
12ന് ആർ.സി.ബിക്കെതിരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |