
മമത ഭരണഘടനാ പദവി വഹിക്കാൻ യോഗ്യയല്ലെന്ന് ബി.ജെ.പി
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജിയും ബി.ജെ.പിയും തമ്മിൽ വാക്പോര് രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ഇന്നലെ കൊൽക്കത്തയിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ മമത ആരോപിച്ചു. ബംഗാളിനെ ആക്രമിക്കുന്നവർ നരകത്തിലേക്ക് പോകുമെന്നും പറഞ്ഞു. തോൽക്കുമെന്ന ഭയം മമതയെ പിടികൂടിയിരിക്കുന്നുവെന്ന് ബി.ജെ.പി തിരിച്ചടിച്ചു. മോദിയുടെ നയങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണെന്നുള്ള മമതയുടെ പരാമർശത്തെയും വിമർശിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കുന്ന മമതയ്‌ക്ക് ഭരണഘടനാ പദവി വഹിക്കാൻ യോഗ്യതയില്ലെന്ന് ബി.ജെ.പി നേതാവ് ശിശിർ ബജോരിയ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബംഗാളിലെ അനധികൃത കുടിയേറ്റം വലിയ വിഷയമാക്കുകയാണ് ബി.ജെ.പി. തൃണമൂൽ സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ശക്തമായതെന്നാണ് പ്രധാന ആരോപണം. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ചു. ബംഗാൾ അതിർത്തി കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണെന്ന് പാർട്ടി പ്രതിരോധിക്കുന്നു.
'അവകാശം തട്ടിയെടുക്കുന്നു"
തിരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ പ്രക്രിയ അടക്കം നടപടികളെ മമത വിമർശിച്ചു. എസ്.ഐ.ആർ നടപടിക്രമങ്ങൾ ചില പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ചു. 'മോദിജി ബംഗാൾ ജനതയുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നത് അനുവദിക്കില്ല. അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയി കൈ കൊടുക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. ദുബായിലേക്ക് പോകുമ്പോൾ അവരെ കെട്ടിപ്പിടിക്കുന്നു. എന്നാൽ സ്വന്തം രാജ്യത്ത് പേരുകൾ നീക്കുന്നു. നുഴഞ്ഞുകയറ്റക്കാർ എന്ന് വിളിക്കുന്നു"- മമത പറഞ്ഞു. ഏപ്രിൽ 23, 29 തീയതികളിൽ രണ്ടുഘട്ടമായാണ് ബംഗാളിലെ വോട്ടെടുപ്പ്. ഫലം മേയ് 4ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |