
അമൃത്സർ: ഉദ്യോഗസ്ഥന്റെ ആത്മഹത്യയെത്തുടർന്ന് പഞ്ചാബ് മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർക്കെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ് അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവ ആത്മഹത്യ ചെയ്തത്. താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത്തിനെ പേടിയാണെന്നും തനിക്ക് ഇനി രക്ഷപ്പെടേണ്ടെന്നും പറഞ്ഞുകൊണ്ടുള്ള രൺധാവയുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ മന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും നാട്ടുകാരും രംഗത്തെത്തി. ഇതോടെ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഭഗവത് സിംഗ് മൻ രാജി ലാൽജിത്തിന്റെ രാജി ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പിന്നാലെ ഭുള്ളർ, പിതാവ് സുഖ്‌ദേവ് സിംഗ് ഭുള്ളർ, പി.എ ദിൽബാഗ് സിംഗ് എന്നിവർക്കെതിരെ രൺധാവയുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങണമെന്നും വെയർ ഹൗസ് ടെൻഡർ മന്ത്രിയുടെ അച്ഛന് നൽകണമെന്നും എന്നാവശ്യപ്പെട്ട് ഗഗൻദീപിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് വിവരം. ടെൻഡർ നൽകാതെ വന്നതോടെ മന്ത്രിയും സംഘവും മാനസികമായും ശാരീരികമായും ഗഗൻദീപിനെ ഉപദ്രവിച്ചെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ഗഗൻദീപിന്റെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ആരോപണങ്ങൾ നിഷേധിച്ച ഭുള്ളർ അവ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു.
ശ്രദ്ധേയനായ നേതാവ്
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലുണ്ടായ ആം ആദ്മി പാർട്ടി തരംഗത്തിൽ ശ്രദ്ധേയനായ നേതാവാണ് ലൽജിത് സിംഗ് ഭുള്ളർ.
ടാർൺ തരണിയിൽ നിന്നുള്ള എം.എൽ.എ
പഞ്ചാബിലെ കാർഷിക പശ്ചാത്തലത്തിൽ നിന്നുള്ള നേതാവ്
ആം ആദ്മി വൊളണ്ടിയറായി രാഷ്ട്രീയത്തിൽ തുടക്കം
താമസിയാതെ ഉയർന്ന പദവികളിലേക്ക്
നാല് തവണ ശിരോമണി അകാലിദൾ (എസ്.എ.ഡി) എം.എൽ.എ ആയിരുന്ന ആദേശ് പ്രതാപ് സിംഗ് കൈറോണും മുൻ കോൺഗ്രസ് എം.എൽ.എ ഹർമീന്ദർ സിംഗ് ഗില്ലും ഉൾപ്പെടെയുള്ള നേതാക്കളെ പരാജയപ്പെടുത്തി.
2022ൽ ഭഗവന്ത് സിംഗ് മൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായി
വിവാദം ആദ്യമല്ല
വിവാദം 1
'പറക്കും മന്ത്രി"
ഭുള്ളർ വിവാദത്തിൽ പെടുന്നത് ഇതാദ്യമല്ല. മന്ത്രിസഭയിൽ ചേർന്നതിനുപിന്നാലെ, ആം ആദ്മി പാർട്ടിയുടെ വിജയാഘോഷത്തിനിടെ ഭുള്ളർ എസ്.യു.വി കാറിന്റെ സൺറൂഫിൽ നിന്ന് റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
കോൺഗ്രസും ശിരോമണി അകാലിദളും ഉൾപ്പെടെ നിരവധി പ്രതിപക്ഷ പാർട്ടികൾ 'വി.ഐ.പി സംസ്‌കാരം" എന്ന് വിളിച്ച് വിമർശിച്ചു. ചില നേതാക്കൾ അദ്ദേഹത്തെ 'ഉഡ്ത മന്ത്രി' (പറക്കുന്ന മന്ത്രി) എന്നും വിളിച്ചു. ഭുള്ളർ പിന്നീട് ക്ഷമാപണം നടത്തി.
ചെങ്കോട്ടയിൽ പ്രതിഷേധം
2021 ജനുവരി 26ന് നടന്ന കർഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിനൊപ്പം ഭുള്ളറും നിൽക്കുന്നതായി കാണിക്കുന്ന മറ്റൊരു വീഡിയോ തൊട്ടുപിന്നാലെ പുറത്തുവന്നു ഒരു കൂട്ടം പ്രതിഷേധക്കാർ ചരിത്ര സ്മാരകത്തിൽ പ്രവേശിച്ച് ഖാലിസ്ഥാനി പതാകകൾ ഉയർത്തി. കോൺഗ്രസ് നേതാക്കളായ സുഖ്പാൽ സിംഗ് ഖൈര, സുഖ്ജീന്ദർ സിംഗ് രൺധാവ എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ആം ആദ്മി നേതൃത്വത്തെ ചോദ്യം ചെയ്യുകയും 'ദേശവിരുദ്ധ പ്രവർത്തനങ്ങൾ" ആരോപിക്കുകയും ചെയ്തു.മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരിൽ നിന്ന് ബി.ജെ.പിയും കോൺഗ്രസും വിശദീകരണം ആവശ്യപ്പെട്ടു. കർഷകരെ പിന്തുണയ്ക്കാൻ മാത്രമാണ് താൻ അവിടെ ഉണ്ടായിരുന്നതെന്നാണ് ഭുള്ളർ പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |