വിതുര: പാചകവാതകക്ഷാമം രൂക്ഷമായതോടെ മലയോരമേഖലയിലെ ജനജീവിതവും ദുസ്സഹമായി. കത്തുന്നചൂടും, ജലക്ഷാമവും നേരിടുന്നതിനിടയിൽ പാചകവാതകംകൂടി ലഭിക്കാതെവന്നത് ജനത്തിന് ഇരുട്ടടിയായിമാറി.
മലയോരമേഖലയിലെ ഭൂരിഭാഗം ഹോട്ടലുകളും ഇതിനകം അടഞ്ഞുകഴിഞ്ഞു. വീടുകളും പ്രതിസന്ധിയിലാണ്. കാറ്ററിംഗ് മേഖലയിലെ അവസ്ഥയും വ്യത്യസ്തമല്ല.
പാചകവാതകക്ഷാമം വിവാഹങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയിൽ പ്രവർത്തിച്ചിരുന്ന അഞ്ച് ചായക്കടകളും ഗ്യാസ് ലഭിക്കാതെ വന്നതോടെ അടച്ചു. നിലവിൽ പുത്തിറങ്ങിയാൽ ഒരു ചായ പോലും കിട്ടാത്ത അവസ്ഥയിലാണ്. ചായക്കടകൾ അടഞ്ഞതോടെ പ്രധാന ജംഗ്ഷനുകളും വിജനമായി.
വിറകിനും ക്ഷാമം
വിതുര,തൊളിക്കോട്,ആര്യനാട് മേഖലകളിലെ മിക്ക ഹോട്ടലുകളിലും അതിഥിതൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. തൊഴിൽ ഇല്ലാതെ വന്നതോടെ മിക്കവരും നാട്ടിലേക്ക് മടങ്ങി തുടങ്ങി. അപൂർവ്വം ചിലഹോട്ടലുകളാണ് വിറകടുപ്പിന്റെ സഹായത്തോടെ നിലവിൽ പ്രവർത്തിക്കുന്നത്. വിറകിന്റെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. മാത്രമല്ല വിറക് ക്ഷാമവും നേരിടുന്നുണ്ട്.
ഉന്നതപഠനത്തിനായി തമിഴ്നാട്, കർണാകട, ആന്ധ്രാപ്രദേശ്, ഡെൽഹി എന്നിവിടങ്ങളിൽപോയ വിദ്യാർത്ഥികളും തിരിച്ചെത്തി തുടങ്ങി.
വിലവർദ്ധനവും
അതേസമയം കരിഞ്ചന്തയിൽ പാചകവാതകം സുലഭമാണ്. ഇരട്ടി വില നൽകണമെന്ന് മാത്രം. കൂടിയ വിലക്ക് പാചകവാതകം വാങ്ങിയാണ് ചില ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ഭക്ഷണപദാർത്ഥകൾക്ക് വിലകൂട്ടേണ്ട അവസ്ഥയിലാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ചിലമേഖലകളിൽ വിലവർദ്ധനവുണ്ടായിട്ടുണ്ട്.
ടൂറിസം മേഖലയിലെ ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്നവർ ഭക്ഷണത്തിനായി പരക്കം പായുകയാണ്. സഞ്ചാരികളുടെ എണ്ണവും കുത്തനെ കുറഞ്ഞു. വാണിജ്യസിലിണ്ടർ ലഭ്യമാക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും പാലിച്ചില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ അടുത്തയാഴ്ചയോടെ എല്ലാ ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥ സംജാതമാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |