
മാവേലിക്കര: സർവാഭരണവിഭൂഷിതയായി ഭഗവതി കണ്മുന്നിൽ ഭക്തർ പ്രാർത്ഥനയോടെ തൊഴുതു. കണ്ണും മനസ്സും നിറഞ്ഞു തുളുമ്പുന്ന അപൂർവത. മീനത്തിലെ കാർത്തികനാളായിരുന്ന തിങ്കളാഴ്ച ചെട്ടികുളങ്ങര നടയിൽ കണ്ട കാഴ്ച ഇതായിരുന്നു. ഭഗവതി മാതൃസ്ഥാനീയയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ സന്നിധിയിൽ നിന്ന് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തുന്നതായ ഭക്തർ വിശ്വസിക്കുന്ന തിങ്കളാഴ്ച രാവിലെ മുതൽ ദീപാരാധനവരെയായിരുന്നു കാർത്തിക ദർശനം. മീനച്ചൂട് വകവയ്ക്കാതെ നൂറുകണക്കിന് പേരാണ് ഭഗവതിയെ തിരുവാഭരണങ്ങളിഞ്ഞ് കാണാൻ കാത്തുനിന്നത്.
തങ്കത്തിരുമുഖം, നാഗപത്തി കിരീടം, ഇളക്കത്താലി, നാഗഫണമാല, കൂട്ടത്താലി, മുല്ലമൊട്ടുമാല, പിച്ചിമൊട്ടുമാല, പാലക്കമാല, കാശിമാല, പ്രത്യേകതരം വളകൾ, നവരത്‌നങ്ങൾ പതിച്ച വലംപിരിശംഖ് തുടങ്ങിയ ആഭരണങ്ങളാണ് ദേവിക്ക് ചാർത്തിയിരുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള അത്യപൂർവ തങ്കതിരുവാഭരണങ്ങൾ ഹരിപ്പാട് ക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. ഞായറാഴ്ച ആചാരപ്രകാരമെത്തിച്ച ഈ ആഭരണങ്ങളാണ് കാർത്തികദർശനത്തിന് ചാർത്തിയത്.
ചെട്ടികുളങ്ങര കിഴക്കേനടയിലെ മണ്ഡപത്തിൽ നിന്നും ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ തിരവാഭരണങ്ങൾ ക്ഷേത്ര മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എന്നിവരുടെ കാർമികത്വത്തിൽ ആഭരണങ്ങളെല്ലാം ചാർത്തിയ ശേഷമാണ് ദർശനം തുടങ്ങിയത്. കാർത്തിക ദിനത്തിൽ രാവിലെ മുതൽ ക്ഷേത്രം വാദ്യമേളങ്ങളിൽ മുഖരിതമായിരുന്നു. രാവിലെ കലാമണ്ഡലം പ്രദീപ്, മാലം മനോജ് എന്നിവരുടെ പ്രമാണത്തിൽ ഏഴ് തിമിലയും, മൂന്ന് മദ്ദളവും ഉൾപ്പെടെ 30 വാദ്യങ്ങൾ ഉൾക്കൊണ്ട നടപ്പുര പഞ്ചവാദ്യം നടന്നു. ക്ഷേത്ര മേളക്കാർ ഒരുക്കിയ പഞ്ചാരിമേളവും നടന്നു. 11ന് അമ്മ ഭജൻസിൻറെ ധ്വനി തരംഗ്, 1.30ന് ചെട്ടികുളങ്ങര ക്ഷേത്രകലാപീഠത്തിന്റെ സോപാന സംഗീതം, 3.30ന് മാവേലിക്കര അഖിൽ കൃഷ്ണയുടെ നാഗസ്വരക്കച്ചേരി, സന്ധ്യയ്ക്കുശേഷം മെഗാ കുത്തിയോട്ടപ്പാട്ടും ചുവടും നടന്നു. ഹിന്ദുമത കൺവൻഷന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുത്തിയോട്ട സമിതികളിലെ ആശാൻമാർ മെഗാകുത്തിയോട്ടത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |