
ന്യൂഡൽഹി: കര,നാവിക,വ്യോമ സേനകളിലെ സ്ഥിരം കമ്മിഷൻ നിയമനങ്ങളിൽ ലിംഗവിവേചനം പ്രകടമെന്ന് സുപ്രീംകോടതി. വനിത ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി) ഓഫീസർമാർക്ക് പെൻഷന് അർഹതയുണ്ടെന്ന് വ്യക്തമാക്കുന്ന വിധിയിലാണ് ഇക്കാര്യം പരാമർശിച്ചത്. സമ്പൂർണ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142ാം അനുച്ഛേദം നൽകിയിരിക്കുന്ന സവിശേഷാധികാരം പ്രയോഗിക്കുകയായിരുന്നു സുപ്രീംകോടതി.
കര,നാവിക,വ്യോമ സേനകളിൽ 14 വർഷം മാത്രം സർവീസ് ലഭിക്കുന്നവരാണ് ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർമാർ. വനിതകളിലെ മിടുക്കർക്ക് സ്ഥിരം കമ്മിഷൻ പദവി ആദ്യം അപ്രാപ്യമായിരുന്നു. കോടതി ഇടപെടലിലൂടെ അതു സാദ്ധ്യമായപ്പോഴും, അവസരങ്ങളിലെ അസമത്വം വനിത ഉദ്യോഗസ്ഥരുടെ കരിയറിനെ ബാധിച്ചതായി കോടതി വിലയിരുത്തി. സ്ഥിരം കമ്മിഷൻ പദവി നിഷേധിക്കപ്പെടുന്നത് സേനകളിലെ വ്യവസ്ഥാപിതമായ വിവേചനത്തിന്റെ ഫലമാണ്. കരിയർ വളർച്ചയ്‌ക്ക് വനിത ഉദ്യോഗസ്ഥർ യോഗ്യരല്ലെന്ന നിലപാട് വേർതിരിക്കലുകളുടെ അനന്തരഫലമാണ്. ഒഴിവുകൾ തങ്ങൾക്ക് മാത്രമായി മാറ്റിവയ്‌ക്കണമെന്ന് പുരുഷ ഓഫീസർമാർ പ്രതീക്ഷിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പെൻഷനും ആനുകൂല്യങ്ങൾക്കും അർഹത
20 വർഷം സർവീസ് പൂർത്തിയാക്കിയവർക്കുമാത്രമാണ് നിലവിലെ ചട്ടപ്രകാരം ഓഫീസർ പെൻഷന് അർഹതയുള്ളത്. എന്നാൽ, സ്ഥിരം കമ്മിഷൻ പദവി ലഭിക്കാത്തതിനെ തുടർന്ന് 14 വർഷമായപ്പോൾ പിരിഞ്ഞുപോകേണ്ടി വന്നവർക്കും പെൻഷന് അർഹതയുണ്ടെന്ന് കോടതി വിധിച്ചു. 20 വർഷത്തെ സേവനം ചെയ്‌തതായി കണക്കാക്കും. അവർക്ക് പെൻഷനും അതോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കും. ശമ്പള കുടിശ്ശിക നൽകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |