
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മഞ്ചേശ്വരത്ത് 2021ൽ ആറുപേരാണ് മത്സരിച്ചതെങ്കിൽ ഇത്തവണ 11 പേരാണ് മത്സരിക്കുന്നത്. പേരാവൂർ, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാർത്ഥികൾ വീതമാണുള്ളത്.
മത്സര ചിത്രം തെളിഞ്ഞതോടെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ അടക്കമുള്ള ചിഹ്നത്തിലും തീരുമാനമായി. പല പ്രമുഖർക്കും പ്രതീക്ഷിച്ച ചിഹ്നം ലഭിച്ചില്ല. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രമയ്ക്ക് ഫുട്ബാൾ ചിഹ്നം അനുവദിച്ചില്ല. ടെലിവിഷൻ ചിഹ്നമാണ് അനുവദിച്ചത്. എലത്തൂരിൽ മത്സരിക്കുന്ന എ.കെ. ശശീന്ദ്രന് ഇത്തവണ ക്ലോക്ക് ചിഹ്നം ലഭിച്ചില്ല. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർത്ഥിയെ നിറുത്തിയതോടെയാണ് ശശീന്ദ്രന് ക്ലോക്ക് ചിഹ്നം നഷ്ടമായത്. കഴിഞ്ഞ മൂന്നുതവണയും ശശീന്ദ്രൻ ജയിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു. കൊമ്പു വിളിക്കുന്ന മനുഷ്യനാണ് ഇത്തവണ ശശീന്ദ്രന് അനുവദിച്ചിരിക്കുന്നത്.
അമ്പലപ്പുഴയിലെ യു,ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു, ബേപ്പൂരിൽ യു.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവറിന്റെ നാല് അപരൻമാർ പത്രിക പിൻവലിച്ചില്ല. അൻവറിന് ഗ്യാസ് സിലിണ്ടറാണ്ചിഹ്നമായി അനുവദിച്ചത്.തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.എം.പിയുടെ സി.പി. ജോണിന് ചിഹ്നമായി കപ്പൽ അനുവദിച്ചു. ഇതേ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയ്ക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്. പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി,കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോൾ ആണ് ചിഹ്നമായി അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |