
ന്യൂഡൽഹി: ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി, ഡൽഹി അക്ഷർധാമിൽ സ്ഥാപിച്ച 108 അടി ഉയരമുള്ള നീലകണ്ഠ വർണി പ്രതിമ അനാവരണം ചെയ്‌തു. ബി.എ.പി.എസിന്റെ (ബോചസന്യാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സാൻസ്ഥ) ആഗോള ആത്മീയാചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഇന്നലെ രാമനവമി ദിനത്തിൽ പ്രതിമയുടെ നെറ്റിയിൽ തിലകം ചാർത്തി അനാവരണം ചെയ്‌തപ്പോൾ വിശ്വാസികൾ പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടു. 1781ൽ രാമനവമി ദിനത്തിലായിരുന്നു സ്വാമി നാരായണന്റെ ജനനം. 11-ാം വയസിൽ വീടുപേക്ഷിച്ച് ആത്മീയ യാത്രയ്‌ക്ക് പുറപ്പെട്ട അദ്ദേഹം, നീലകണ്ഠ വർണി എന്ന പേര് സ്വീകരിച്ചിരുന്നു. അന്ന് ഒറ്റക്കാലിൽ തപസ് ചെയ്‌തത് അടയാളപ്പെടുത്തുന്നതാണ് ഡൽഹിയിൽ ആത്മീയഭാവത്തോടെ നിൽക്കുന്ന കൂറ്റൻ പ്രതിമ.
ക്ഷേത്രത്തിൽ രണ്ടു ദിവസമായി നടന്ന പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 300ഓളം പുരോഹിതരെത്തി. ബുധനാഴ്ച ആഗോള സമാധാന യജ്ഞവും നടത്തിയിരുന്നു.
ആത്മീയക്കരുത്ത്
രണ്ടു കൈകളും അന്തരീക്ഷത്തിലേക്ക് ഉയർത്തി, വലതുകൈയിൽ രുദ്രാക്ഷമാലയും പിടിച്ച് ധ്യാനഭാവത്തിലാണ് പഞ്ചലോഹ പ്രതിമ. ഒരുവർഷത്തിലേറെ സമയമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. വിശ്വാസം, അച്ചടക്കം, ആത്മീയക്കരുത്ത് എന്നിവയുടെ ശക്തമായ പ്രതീകമായാണ് പ്രതിമയെ വിലയിരുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |