
കൊച്ചി: വിരമിച്ച കോളേജ് അദ്ധ്യാപകർക്ക് ഏഴാം യു.ജി.സി പരിഷ്കരണം പ്രകാരമുള്ള പെൻഷൻ കുടിശിക നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനു ചീഫ് സെക്രട്ടറിക്കും ധനകാര്യ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു. 2024ലെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ റിട്ട. അദ്ധ്യാപകരായ ഡോ. പി.വി.ശ്രീനിവാസൻ, പി.കെ.മോഹനരാജ് എന്നിവരടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
2016 ജനുവരി ഒന്നു മുതലുള്ള കുടിശിക ഹർജിക്കാർക്ക് വിതരണം ചെയ്താൽ മറ്റ് വകുപ്പുകളിലും നൽകേണ്ടി വരുമെന്നും 2,500 കോടിയുടെ അധികബാദ്ധ്യയുണ്ടാകുമെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. അതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും കേന്ദ്രസഹായം ലഭിക്കാത്തതു തടസമായെന്നുമായിരുന്നു ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം.
സാമ്പത്തിക പ്രതിസന്ധി വിധി നടപ്പാക്കാതിരിക്കാനുള്ള കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ശരിവച്ച വിധി നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത് ലാഘവത്തോടെ കാണാനാകില്ല. വിധി നടപ്പാക്കാൻ സർക്കാർ സമയപരിധി അറിയിച്ചിട്ടില്ലെന്നും വിമർശിച്ചു. കോളേജിയേറ്റ് വിദ്യാഭ്യാസ ഡയറക്ടർക്കും നോട്ടീസിന് നിർദ്ദേശിച്ചിട്ടുണ്ട്. മേയ് 19നകം മറുപടി സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |