
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങൾക്ക് നൽകാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാനവും നികുതി കുറയ്ക്കണമെന്നാണ് ബി.ജെ.പിയും ജനങ്ങളും ആവശ്യപ്പെടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേമം മണ്ഡലത്തിലെ സി.പി.എം സ്ഥാനാർത്ഥിയായ മന്ത്രി വി. ശിവൻകുട്ടി ജയിക്കാൻ വേണ്ടി 'രാജീവ്' എന്ന പേരുള്ള സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അപര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത് ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണിംഗ് ഓഫീസറെ സഹായിക്കാൻ ഇലക്ഷൻ കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ നേമം സ്ഥാനാർത്ഥിയും തൊഴിൽ മന്ത്രിയുമായ വി.ശിവൻകുട്ടിയുടെ തൊഴിൽ വകുപ്പിൽ നിന്നുള്ളവർ മാത്രമായത് ദുരൂഹമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എത്രയും വേഗം തൊഴിൽ വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥരെയും നേമത്തെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നൽകി, അധികാരത്തിൽ വന്നിട്ട് പത്ത് വർഷം ഭരിച്ചു. എന്നിട്ടും ഇലക്ഷൻ വരുമ്പോൾ ജയിക്കാൻ വേണ്ടി ഇങ്ങനെയുള്ള തന്ത്രങ്ങളാണ് ഇവർ പയറ്റുന്നത്. ഒന്നും ചെയ്തിട്ടില്ല, ഒന്നും ചെയ്യാൻ താല്പര്യവുമില്ല. വിവാദങ്ങൾ സൃഷ്ടിക്കുക, നുണ പറയുക, പിന്നെ ഇതുപോലെ സ്വന്തം വകുപ്പിലെ ആളുകളെ തിരുകിക്കയറ്റുക ഇതാണ് ഇവരുടെ രീതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോൺഗ്രസാണ് ഏറ്റവും നാണമില്ലാത്ത പാർട്ടി എന്നായിരുന്നു കരുതിയിരുന്നത്, എന്നാൽ അതിലിപ്പോൾ അവർക്ക് നല്ലൊരു മത്സരം നൽകാൻ ശിവൻകുട്ടിയ്ക്ക് കഴിയുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |