
ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടുമാസത്തിനകം ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഗുരുവായൂരിൽ ഇതുവരെ ഹിന്ദു എം.എൽ.എ ഉണ്ടായിട്ടില്ലെന്ന പരാമർശവുമായി ഗോപാലകൃഷ്ണൻ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ കെ.എസ്.യു നേതാവ് കെ.ഗോകുൽ സമർപ്പിച്ച ഹർജിയിലാണിത്.
ഗുരുവായൂർ ടെമ്പിൾ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽനിന്ന് നീക്കംചെയ്തതായും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത് രേഖപ്പെടുത്തി ഹർജി തീർപ്പാക്കി. മാതൃകാ പെരുമാറ്റച്ചട്ടലംഘനം ബോദ്ധ്യമായാൽ സ്ഥാനാർത്ഥിയെ വിലക്കുന്നതടക്കമുള്ള നടപടിയെടുക്കാനാകുമെന്നും വേറെയും കേസുകളെടുത്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന നിർദ്ദേശങ്ങൾക്കില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ലംഘനങ്ങളുണ്ടായാൽ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം നടപടി സ്വീകരിക്കാം. പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനുള്ള വഴിയല്ല. പലപ്പോഴും കോടതി വിധികൾ നടപ്പിലാക്കാതിരിക്കാൻപോലും പെരുമാറ്റച്ചട്ടം കാരണമായി അധികൃതർ പറയാറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭരണകക്ഷിക്ക് അനാവശ്യ ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാനും എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കാനുമാണ് പെരുമാറ്റച്ചട്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ വിശദീകരിച്ചു. ഭരണപരമായ ചുമതലകൾ നിർവഹിക്കുന്നതിന് ഇത് തടസമല്ലെന്നും വ്യക്തമാക്കി.
'തന്റെ ഭാഗം കേട്ടില്ല'
തൃശൂർ: ഹൈക്കോടതി തന്റെ ഭാഗം കേട്ടിട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ല. താൻ അപരമതവിദ്വേഷം പരത്തുന്ന ആളെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മഅ്ദനിയെ പൊതുവേദിയിലിരുന്ന് ചുംബിച്ചയാളാണ്. പി.ഡി.പിയുടെയും എസ്.ഡി.പി.ഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് സമാഹരിക്കാൻ ശ്രമിക്കുന്ന ആൾക്ക് ഇതുപറയാൻ എന്താണ് ധാർമ്മികത. പിണറായി വിജയനും മാർക്‌സിസ്റ്റ് പാർട്ടിയുമാണ് ഏറ്റവും വലിയ വിഘടനവാദികളെന്നും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |