
മലയാള നോവൽ സാഹിത്യത്തിൽ തന്റേതായ നടപ്പുവഴി വെട്ടിത്തുറന്ന എഴുത്തുകാരനാണ് കെപി രാമനുണ്ണി. ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് അക്ഷരലോകത്തെ പുകൾപെറ്റ സർഗപ്രതിഭയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വൈവിദ്ധ്യങ്ങൾ നിറഞ്ഞതാണ്. 'സൂഫി പറഞ്ഞ കഥ'യിലൂടെ മലയാളിക്ക് പരിചിതമല്ലാത്ത ഒരു ആഖ്യാനശൈലി പരിചയപ്പെടുത്തിയ രാമാനുണ്ണി തന്റെ കൃതികളിലൂടെ മതസൗഹാർദ്ദത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. എഴുത്തിലെ തന്റെ നിലപാടുകളെക്കുറിച്ചും വർത്തമാനകാലത്തെക്കുറിച്ചും കെപി രാമാനുണ്ണി കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് എഴുത്തുകാരനിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?
പത്തൊമ്പതാം വയസിൽ ബാങ്ക് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപേ സാഹിത്യം എന്നെ ആവേശിച്ചിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രജ്ഞനാകണം എന്നെല്ലാമായിരുന്നു ആഗ്രഹമെങ്കിലും പ്രീ-ഡിഗ്രി പഠനകാലത്ത് അനുഭവിച്ച ഒരു കറുത്ത കാലഘട്ടം എഴുത്തിനോട് പ്രണയം വളർത്തി. അതിനാൽ ബാങ്കിൽ ജോലിക്ക് ചേർന്ന മുതൽ അവിടെ നിന്ന് രക്ഷപ്പെട്ട് എഴുത്തുജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള പിടച്ചിലായിരുന്നു എനിക്ക്.

സൂഫി പറഞ്ഞ കഥ
സൂഫി പറഞ്ഞ കഥയിലേക്ക് എനിക്ക് എത്തിച്ചേരേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. അത് എന്റെ നാടിന്റെ പൊന്നാനി സംസ്‌കാരം ഉൽപാദിപ്പിച്ച കൃതിയായിരുന്നതിനാൽ ഞാൻ പണ്ടേ അതിനകത്തായിരുന്നു. ആലോചനയോ ആസൂത്രണമോ ഇല്ലാതെ തനിയെ അങ്ങ് എഴുതിപ്പോയ നോവലാണ് സൂഫി പറഞ്ഞ കഥ. എന്റെ മറ്റു നോവലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആ രചനയെ ഞാൻ വല്ലാതെ വിലമതിക്കുന്നില്ല. പക്ഷെ സൂഫിയുടെ ജൈവസ്വഭാവം കൊണ്ടായിരിക്കാം അത് എന്നെ അടയാളപ്പെടുത്തുന്ന കൃതിയായി.

വിശ്വാസം-അവിശ്വാസം
ഞാൻ ഒരു വിശ്വാസിയാണ്. അത് തുറന്നു പ്രഖ്യാപിക്കുന്നതിൽ എനിക്ക് ലവലേശം നാണമില്ല. ശ്രീനാരായണഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും വർഗത്തിൽപ്പെടുന്നു എന്ന് സമ്മതിക്കുന്നതിൽ അഹന്തയേയുള്ളു. ഡോക്‌ടർ എസ് രാധാകൃഷ്ണൻ പറഞ്ഞ പോലെ കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കണിശമായി ചുറ്റിക്കറങ്ങുന്ന ഈ പ്രപഞ്ചത്തിന് പിന്നിൽ ഒരു ശക്തിപ്പൊരുളുമില്ലെന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ യുക്തിരാഹിത്യമെന്ന് ഞാൻ കരുതുന്നു.
യാതൊരു യുക്തിചിന്തയുമില്ലാതെ താൻ അവിശ്വാസിയാണെന്ന് വാശിപിടിക്കുന്ന ചിലരുണ്ടല്ലോ. അവർക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് അറിയുമോ? ഒന്നിലും ഒരു അർത്ഥവുമില്ലെങ്കിൽ 'എന്തും ചെയ്യാനുള്ള ലൈസൻസായല്ലോ'. വിശ്വാസിയാകുക എന്നതിനർത്ഥം അക്കൗണ്ടബിൾ ആകുക എന്നതുകൂടിയാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിൽ യോജിപ്പിന്റെയും വിയോജിപ്പിന്റെയും മണ്ഡലങ്ങളുണ്ട്. അതുവച്ച് കൊമ്പു കോർക്കേണ്ട കാര്യമൊന്നുമില്ല. അത്തരം പ്രശ്‌നങ്ങൾ ചിലർ സൃഷ്‌ടിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടിയാണ്.
മതസൗഹാർദ്ദം
മതം മനുഷ്യസംസ്കാരത്തിലെ ഒരു മൂർത്ത യാഥാർത്ഥ്യമായി അംഗീകരിച്ച് മനുഷ്യനെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യം ഇന്ന് വർദ്ധിച്ചുവരികയാണ്. മതമൂല്യങ്ങളെ വിപ്ലവാത്മകമായി വായിച്ചെടുത്ത് വിശ്വാസികളുമായി സംവദിച്ചില്ലെങ്കിൽ മതത്തെ വർഗീയവാദികൾ തീർത്തും ഹൈജാക്ക് ചെയ്യും.
മതമൂല്യങ്ങളിലെ ഉദാത്തമായ ദർശനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത് മതസൗഹാർദ്ദത്തെ മതധർമ്മമാക്കുന്ന സമീപനമാണ് സ്വീകരിക്കാറുള്ളത്. അതുകൊണ്ടാണ് ശ്രീകൃഷ്‌ണനെയും മുഹമ്മദ് നബിയെയും യേശുവിനെയുമെല്ലാം ഏകോദര സോദരരായി ആവിഷ്ക്കരിക്കുന്ന 'ദൈവത്തിന്റെ പുസ്തക'മെഴുതിയത്.
ബാങ്ക് ജോലി ഉപേക്ഷിച്ചുകൊണ്ടുള്ള തീരുമാനം സർഗാത്മകതയെ എങ്ങനെ മാറ്റിമറിച്ചു
ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിന് ശേഷം ബാങ്കിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്തതുകൊണ്ടാണ് രണ്ടുപതിറ്റാണ്ടിലധികം തുഞ്ചൻ സ്‌മാരകത്തിൽ എംടിക്കൊപ്പം പ്രവർത്തിക്കാനും ഇപ്പോൾ മലയാളം യൂണിവേഴ്സിറ്റിയിൽ അഡ്‌ജംഗ്റ്റ് പ്രൊഫസറായി സേവനമനുഷ്ടിക്കാനും എനിക്ക് അവസരമുണ്ടായത്. ബാങ്കിൽ നിന്ന് നേരത്തെ പിരിഞ്ഞിരുന്നില്ലെങ്കിൽ എനിക്ക് 'ജീവിതത്തിന്റെ പുസ്‌തക'വും 'ദൈവത്തിന്റെ പുസ്‌തക'വും കുറേയേറെ കഥകളും ലേഖനങ്ങളുമൊന്നും എഴുതാൻ കഴിയുമായിരുന്നില്ല.

അക്കാദമികളും ട്രസ്റ്റുകളും പുതിയ എഴുത്തുകാരെ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ
ഉണ്ട്, കേരള സാഹിത്യ അക്കാദമിയും കേന്ദ്ര സാഹിത്യ അക്കാദമിയും മറ്റും മുൻകാലങ്ങളെ അപേക്ഷിച്ച് പുതിയ എഴുത്തുകാരെ വേണ്ടവണ്ണം പ്രോത്സാഹിപ്പിക്കാൻ ബദ്ധശ്രദ്ധമാണ്. അങ്ങനെ ചെയ്യുകയും വേണം. പക്ഷെ ചില കോണുകളിൽ നിന്നുള്ള പ്രോത്സാഹനം കൂടിപ്പോകുന്നോ എന്ന ആശങ്കയുണ്ട്. കുറച്ച് കഥകളും കവിതകളും എഴുതുമ്പോഴേക്ക് കൗമാരക്കാരായ കുട്ടികളെ പൂവിട്ട് പൂജിക്കുക, അവരുടെ പുസ്‌തകങ്ങൾ അച്ചടിച്ച് പുറത്തിറക്കുക, മഹാമേളകളായി പ്രകാശനച്ചടങ്ങുകൾ നടത്തുക- ഇത്തരം അഭ്യാസങ്ങൾ പ്രോത്സാഹനമല്ല പ്രതിഭാഹവനമാണ് ഉണ്ടാക്കുന്നത്.
മലയാള ഭാഷയുടെ ഭാവി
പ്രവാസികൾക്കിടയിൽ വളരുന്ന സാഹിത്യ രചനയോടുള്ള ആഭിമുഖ്യം കേരളത്തിന് പുറത്തുള്ള അനുഭവലോകങ്ങളെ മലയാളത്തിലേക്ക് കൊണ്ടുവന്ന് ഭാഷയെ സമ്പന്നമാക്കാൻ സഹായിക്കും. പുതിയ തലമുറയിൽ രണ്ടുതരക്കാരുണ്ട്. ഒരു കൂട്ടർ മലയാളത്തെ പരമാവധി ദൂരത്തേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നു. രണ്ടാം വിഭാഗം മാതൃഭാഷയുടെ പ്രാധാന്യം മനസിലാക്കി വാരിപ്പുണരാൻ മുതിരുന്നു. മലയാളത്തെ തിരസ്ക്കരിക്കുന്ന മലയാളി മക്കൾ ലോസ്റ്റ് ജനറേഷനായി പരിണമിക്കും.

സാഹിത്യം സിനിമയാകുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ തൃപ്തനാണോ
പെൺമക്കളെ വിവാഹം കഴിച്ചു കൊടുക്കുന്ന അച്ഛനമ്മമാരുടെ സ്ഥാനത്താണ് കഥയോ നോവലോ സിനിമയാക്കാൻ സമ്മതിക്കുന്നവർ. പെൺമക്കളുടെ ജീവിതം പിന്നെ സ്വന്തം നിയന്ത്രണത്തിലല്ലെന്ന് മനസിലാക്കണം. അങ്ങനെ പ്രതീക്ഷിച്ചാൽ അസംതൃപ്‌തിയും അസന്തുഷ്ടിയും ഉണ്ടാകും.
കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യം
എഴുത്തുകാരന് രാഷ്ട്രീയബോധം അനിവാര്യമെന്നുവച്ച് കക്ഷിരാഷ്ട്രീയ പ്രവചനങ്ങൾക്ക് മുതിരേണ്ടതില്ല. പക്ഷെ വിവേകമുള്ള ഏത് എഴുത്തുകാർക്കും നെഞ്ചിൽ കൈവച്ച് പറയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിൽ സമാശ്വാസത്തിന്റെ തുരുത്തായി കേരളം നിലനിൽക്കുന്നുണ്ടെന്ന് അതിന് പിന്നിൽ ഇവിടെ പ്രാബല്യത്തിലുള്ള ഇടതുപക്ഷ സംസ്‌കാരമാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ഭീഷണികൾ
പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി എന്ന എന്റെ ദീർഘലേഖനത്തിന്റെ പേരിലായിരുന്നു ഭീഷണിക്കത്ത്. ചരിത്രപരമോ മതപരമോ സാംസ്‌കാരികമോ ആയ ഒരു കാരണവും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും തമ്മിലടിക്കാൻ ഇല്ലെന്ന് പറഞ്ഞതിനായിരുന്നു ഭീഷണിപ്പെടുത്തൽ.

പുതുതലമുറയിലെ എഴുത്തുകാർക്ക് നൽകാനുള്ള ഉപദേശം?
പണമുണ്ടാക്കാനുള്ള വിൽപ്പനച്ചരക്കായി സാഹിത്യത്തെ കാണുന്നവർ ദയവായി എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരരുത്. കൂടുതൽ നല്ല പണികൾ എത്രയോ അവർക്കു വേണ്ടി കാത്തുനിൽക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |