
തിരുവനന്തപുരം: കേരളത്തിൽ ജനങ്ങളുടെ മനോഭാവം എൻഡിഎയ്‌ക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണത്തിൽ ജനങ്ങൾ അതൃപ്‌തരാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി എക്‌സിൽ മലയാളത്തിൽ പങ്കുവച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്താനിരിക്കെയാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. തൃശൂരിലും പാലക്കാട്ടും നടക്കുന്ന പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും.
പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിറങ്ങുന്ന മോദി ഉച്ചയ്‌ക്ക് 1.30ന് കോട്ടമൈതാനത്ത് എൻ.ഡി.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തൃശൂരിലേക്ക് പോകും. വൈകിട്ട് 4.30ന് തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. സ്വരാജ് റൗണ്ടിൽ ജില്ലാ ആശുപത്രി പരിസരം മുതൽ ബിനി ടൂറിസ്റ്റ് ഹോം വരെയുള്ള 900 മീറ്റർ ദൂരത്തിലാണ് റോഡ് ഷോ. വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിനെത്തും.
യു.ഡി.എഫിന് പ്രചാരണത്തിനായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. അടൂരിലാണ് പ്രചാരണം. രാഹുൽ അടൂരിൽ റോഡ് ഷോയും നടത്തും. രാവിലെ 11ന് വടക്കടത്തുകാവ് കെ.ഐ.പി ബറ്റാലിയൻ ക്യാമ്പ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം തുറന്ന വാഹനത്തിൽ അടൂരിലേക്ക് പോകും. തുടർന്ന് അടൂരിലെ പൊതുയോഗത്തിൽ സംസാരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേരളത്തിൽ പ്രചാരണത്തിനെത്തും.
ഇന്ന് വൈകിട്ട് കേരളത്തിലെ ജനങ്ങളോടൊപ്പമായിരിക്കാൻ ഉറ്റുനോക്കുന്നു. പാലക്കാട് നടക്കുന്ന റാലിയിൽ പ്രസംഗിക്കുകയും തുടർന്ന് തൃശൂരിൽ ഒരു റോഡ്ഷോയിൽ പങ്കെടുക്കുകയും ചെയ്യും. കേരളത്തിന്റെ പൊതുവായ മനോഭാവം എൻഡിഎയ്‌ക്ക് അനുകൂലമാണ്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ദുർഭരണത്തിൽ ജനങ്ങൾ അതൃപ്തരാണ്
— Narendra Modi (@narendramodi) March 29, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |