
മുംബയ്: മുംബയിലെ ഒരു റോഡിൽ തന്റെ പുതുപുത്തൻ സൂപ്പർ കാറുമായി കഷ്ടപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡിൽ സ്ഥാപിച്ച ഹമ്പ് മറികടക്കാൻ ഏകദേശം 8.5 കോടി രൂപ വിലയുള്ള ഫെരാരിയുമായി ഹാർദിക് നടത്തുന്ന പ്രകടനം വാഹന പ്രേമികൾക്കിടയിലും ചർച്ചയായി. ഹാർദിക്കിന്റെ ആഡംബര വാഹന ശേഖരത്തിലേക്ക് അടുത്തിടെയാണ് ഫെരാരി 12 സിലിണ്ടറി എത്തുന്നത്. നേരത്തെ താരത്തിന്റെ പങ്കാളി മഹിക ശർമ്മയുടെ സാന്നിദ്ധ്യത്തിൽ കാറിന്റെ പൂജ നടത്തുന്ന വീഡിയോയും ശ്രദ്ധേയമായിരുന്നു.
വീഡിയോയിൽ, റോഡിലെ സ്പീഡ് ബ്രേക്കറിന് മുന്നിൽ ഹാർദിക്കിന്റെ ഫെരാരി മെല്ലെ നിൽക്കുന്നതും, കാറിന്റെ അടിഭാഗം തട്ടാതിരിക്കാൻ ചരിഞ്ഞ ദിശയിൽ വളരെ ശ്രദ്ധയോടെ വാഹനം മറികടക്കുന്നതും കാണാം. ഇന്ത്യയിലെ സപോർട്സ് കാർ ഉടമകൾ സ്ഥിരമായി ചെയ്യുന്ന ഒരു രീതിയാണിത്.
ഫെരാരിയുടെ ചരിത്രത്തിലെ വി12 എൻജിൻ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മോഡലാണിത്. ഫെരാരി 365 ജിടിബി/4 മോഡലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ രൂപകല്പന. 6.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് വി12 എൻജിൻ, 830എച്ച്പി പവറും 678 എൻഎം ടോർക്കും പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 2.9 സെക്കൻഡ് മാത്രം മതി. 340 കിലോമീറ്ററിന് മുകളിലാണ് പരമാവധി വേഗത. 15.6 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഉൾപ്പെടുന്ന അത്യാധുനിക ഡ്യുവൽ കോക്പിറ്റ് ലേഔട്ടാണ് വാഹനത്തിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |