
വേനൽ ചൂടിൽ വിൽപ്പനയേറി
കോലഞ്ചേരി: വേനൽ ചൂട് കനക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ആവേശവും കൂടിയതോടെ വിപണിയിൽ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 60 രൂപയിൽ നിന്ന് 160 രൂപയിലേക്കാണ് വില വർദ്ധിച്ചത്. വേനൽക്കാലത്ത് നാരങ്ങയ്ക്ക് ആവശ്യക്കാർ വർദ്ധിക്കുന്നത് പതിവാണെങ്കിലും ഇത്തവണ വില ഇരട്ടിയിലേറെ ഉയർന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കി. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് പ്രധാന വെല്ലുവിളി. ഉത്പാദനം കുറഞ്ഞതും ഗതാഗത ചെലവ് വർദ്ധിച്ചതും തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായ സ്ഥാനാർത്ഥികളും പ്രവർത്തകരും കടുത്ത ചൂടിൽ നാരങ്ങവെള്ളമാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ നാരങ്ങവെള്ളം ഇപ്പോൾ ഒരു 'ലക്ഷ്വറി ഐറ്റം' ആയി മാറി. ഒരു നാരങ്ങയ്ക്ക് 10 രൂപയ്ക്കടുത്തായതോടെ നാരങ്ങവെള്ളത്തിന് 15 രൂപ മുതൽ ഈടാക്കിയിട്ടും ലാഭമില്ലെന്ന് കച്ചവടക്കാർ പറയുന്നു.
നാരങ്ങവെള്ളം നിറുത്തുന്നു
വിലയിൽ സ്ഥിരതയില്ലാത്തതിനാൽ പല ചെറുകിട കച്ചവടക്കാരും നാരങ്ങവെള്ളം വിൽപന താത്കാലികമായി നിർത്തി.
"വോട്ടർമാർക്ക് വാഗ്ദാനങ്ങൾ സൗജന്യം, നാരങ്ങവെള്ളത്തിന് മാത്രം വിലക്കൂടുതൽ" എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും പരിഹാസമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |