
ഇന്ത്യ വികസിപ്പിച്ച ഹെവി വെയ്റ്റ് ടോർപ്പിഡോ ആയ തക്ഷകിന്റെ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. 2026 അവസാനത്തോടെ കൽവാരി ക്ലാസ് അന്തർവാഹിനികളിൽ നിന്നാകും ഇവയുടെ പരീക്ഷണം. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ കീഴിലുള്ള നേവൽ സയൻസ് ആന്റ് ടെക്‌നോളജി ലബോറട്ടറിയാണ് തക്ഷക് വികസിപ്പിച്ചത്.
അന്തർവാഹിനികളെയും കപ്പലുകളെയും തകർക്കാൻ ശേഷിയുള്ള ഈ ഇലക്‌ട്രിക് ഹെവി വെയ്റ്റ് ടോർപ്പിഡോയ്‌ക്ക് 6.4 മീറ്റർ നീളമാണുള്ളത്. സിൽവർ ഓക്‌സൈഡ് ബാറ്ററികളാണ് ഇതിന് ഊർജം പകരുന്നത്. ഇതിൽ ആർഎൽജി (റിംഗ് ലേസർ ഗൈറോസ്‌കോപ്പ്) അടിസ്ഥാനമാക്കിയുള്ള ഇനേർഷ്യൻ നാവിഗേഷനും ജിപിഎസ്/നാവിക് ഗൈഡൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഇന്ത്യ മുമ്പ് വികസിപ്പിച്ച വരുണാസ്‌ത്ര പോലുള്ള ടോർപ്പിഡോകളേക്കാൾ കൃത്യമായി ലക്ഷ്യം ഭേദിക്കും.
കംപ്രസ്‌ഡ് എയർ ഉപയോഗിക്കാതെ ടോർപ്പിഡോകളെ വിക്ഷേപിക്കുന്ന സ്വിം - ഔട്ട് വിക്ഷേപണ സംവിധാനമാണ് തക്ഷകിനായി ഉപയോഗിക്കുന്നത്. അതിനാൽ വിക്ഷേപണ സമയത്ത് ഉണ്ടാകുന്ന ശബ്‌ദം വളരെ കുറയ്‌ക്കാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ സാധിക്കും. ടോർപ്പിഡോകൾ വിക്ഷേപിക്കുന്ന ശബ്‌ദത്തിലൂടെ ശത്രുവിന്റെ യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലുമുള്ള സോണാർ സംവിധാനങ്ങളും നമ്മുടെ അന്തർവാഹിനികളെ കണ്ടെത്താതിരിക്കാനാണ് ഈ സംവിധാനം ഉപയോഗിച്ചിരിക്കുന്നത്.
കൽവാരി ക്ലാസ് അന്തർവാഹിനികളിൽ ദീർഘനേരം സമുദ്രത്തിനടിയിൽ തുടരാൻ സഹായിക്കുന്ന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനം ഘടിപ്പിക്കാനൊരുങ്ങുകയാണ്. നവീകരിക്കുന്നതിന്റെ ഭാഗമായി തക്ഷക് പരീക്ഷണത്തിനായുള്ള സ്വിംഔട്ട് സംവിധാനവും സജ്ജമാക്കും. 2024 ഡിസംബറിൽ പ്രതിരോധ മന്ത്രാലയം നേവൽ ഗ്രൂപ്പുമായി ഒപ്പിട്ട കരാർ പ്രകാരം തക്ഷക് ടോർപ്പിഡോയുടെ ഗൈഡൻസ് സോഫ്‌റ്റ്‌വെയറിനെ കൽവാരി അന്തർവാഹിനികളിലെ സബ്‌മറൈൻ ടാക്‌റ്റിക്കൽ ഇന്റഗ്രേറ്റഡ് കോംബാറ്റ് സിസ്റ്റവുമായി സംയോജിപ്പിക്കും.
ഈ സംയോജനത്തിലൂടെ അന്തർവാഹിനിയുടെ സെൻസറുകളും ഫയർ കൺട്രോൾ സംവിധാനങ്ങളും ഉപയോഗിച്ച് ടോർപ്പിഡോ തടസമില്ലാതെ ലക്ഷ്യസ്ഥാനത്തേക്കെത്തും. ഇതിലെ ഫൈബർ ഒപ്‌റ്റിക് വയർ ഗൈഡൻസ് സിസ്റ്റം വഴി അന്തർവാഹിനിയുടെ സോണാറിൽ നിന്നുള്ള ടോർപ്പിഡോയ്‌ക്ക് കൈമാറാൻ കഴിയുന്നതിനാൽ വളരെ കൃത്യതയോടെ ആക്രമിക്കാൻ തക്ഷകിന് സാധിക്കും.
തക്ഷകിന്റെ അന്തർവാഹിനികൾക്കായി ഫൈബർ ഒപ്‌റ്റിക് ഗൈഡൻസ് പതിപ്പും കപ്പലുകൾക്കായി സ്വയം നിയന്ത്രിത പതിപ്പും വികസിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഹാർബറിൽ വച്ചുള്ള ഡ്രൈ, വെറ്റ് ടെസ്റ്റുകൾ നടക്കും. അന്തർവാഹിനിയുടെ പുറംഭാഗത്തിനോ സെൻസറുകൾക്കോ കേടുപാടുകൾ സംഭവിക്കാതെ ടോർപ്പിഡോ സുരക്ഷിതമായി വിക്ഷേപിക്കാമെന്ന് ഇതിലൂടെ ഉറപ്പാക്കാം.
ആദ്യഘട്ട പരീക്ഷണങ്ങൾ വിജയിച്ചാൽ 2027ഓടെ യഥാർത്ഥ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് പഴയ കപ്പലുകളിലോ കടലിനടിയിലോ ഉള്ള ലക്ഷ്യങ്ങളിലോ പരീക്ഷണം നടത്തും. ഇതിന് ശേഷമാകും സേനയുടെ ഭാഗമാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |