
ഗോഹട്ടി: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 15 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻശിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. ഇത്ര ചെറിയ പ്രായത്തിൽ താരം നടത്തുന്ന പ്രകടനം കണ്ട് മുഹമ്മദ് കൈഫ്, മൈക്കൽ വോൺ തുടങ്ങിയ മുൻതാരങ്ങൾ വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനുള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ വൈഭവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. വൈഭവ് ഇപ്പോഴും ഒരു കുട്ടിയാണെന്നും അവനെ അവന്റെ പാട്ടിന് വിടണമെന്നുമാണ് അശ്വിന്റെ പക്ഷം.
'അവന് അങ്ങനെയൊരു ലക്ഷ്യം കൊടുക്കരുത്. ഒരു പുരുഷനായി അവൻ വളർന്നിട്ടില്ല, ഇപ്പോഴും ഒരു കുട്ടിയാണ്. ധോണി 45വയസ് വരെ കളിക്കുന്നുണ്ടെങ്കിൽ, സൂര്യവൻശി 40 വയസ് വരെ കളിച്ചാൽ പോലും ഇനിയും രണ്ടര പതിറ്റാണ്ടോളം അവന് ക്രിക്കറ്റ് ബാക്കിയുണ്ട്. അവനെ അവന്റെ പാട്ടിന് വിടൂ, സമയം ആകുമ്പോൾ തനിയെ വന്നോളും. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ മാത്രം കഴിവുള്ള താരം തന്നെയാണ്. എന്തായാലും കളിക്കും. പക്ഷേ അത് എപ്പോഴായിരിക്കും? അതിന് നമ്മൾ അല്പം കൂടെ കാത്തിരിക്കേണ്ടി വരും. എന്തിനാണ് എപ്പോഴും ഇത്ര ധൃതി കാണിക്കുന്നത്'- അശ്വിൻ പറയുന്നു.
'അവന് 15 വയസായി, അതുകൊണ്ട് തന്നെ 15 പന്തിൽ അമ്പതും അടിച്ചു- പ്രായത്തിന്റെ ആവേശം അവന്റെ പ്രകടനത്തിലുമുണ്ട്. എന്തൊരു പ്ലെയറാണ്. ബാറ്റിംഗിന്റെ സ്പീഡ് കണ്ടോ? ചെന്നൈക്ക് അവന്റെ മുന്നിൽ മറുപടിയൊന്നുമില്ലായിരുന്നു. ഫീൽഡിൽ അവർ ശരിക്കും തളർന്നുപോയി. രാജസ്ഥാൻ റോയൽസ് അത്രയും മികച്ച പ്രകടനമായിരുന്നു നടത്തിയത്. 'ഞങ്ങളും ടൂർണമെന്റിലെ കരുത്തരായ ടീമാണെന്ന് അവർ തെളിയിച്ചിരിക്കുകയാണ്'- അശ്വിൻ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |