മൂന്നാം ടെസ്റ്രിലും ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്ര് പരമ്പര ഇന്ത്യ തൂത്തുവാരി
റാഞ്ചി: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. മൂന്നാം ടെസ്റ്രിന്റെ നാലാം ദിനം വെറും 12 ബാളിൽ ദക്ഷിണാഫ്രിക്കയുടെ ചെറുത്ത് നില്പ് ഇന്ത്യ അവസാനിപ്പിച്ചു. മത്സരം അവസാനിക്കാൻ ഒരു ദിനം കൂടി ശേഷിക്കെ ഇന്നിംഗ്സിനും 202 റൺസിനുമാണ് ഇന്ത്യയുടെ ഗംഭീര ജയം. സ്കോർ: ഇന്ത്യ 497/9 ഡിക്ലയേർഡ്. ദക്ഷിണാഫ്രിക്ക 162 /10, 133/10.
ഇതോടെ മൂന്ന് മത്സരങ്ങളുൾപ്പെട്ട ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി.
ഇന്നലെ രാവിലെ 132/8 എന്ന നിലയിൽ ഡിബ്രൂയിനും നോർട്ട്‌ജെയും ചേർന്നാണ് ദക്ഷിണാഫ്രിക്കയുടെ ഫോളോ ഓൺ ഇന്നിംഗ്സ് പുനരാരംഭിച്ചത്. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവർ മാത്രമേ അവർക്ക് പിടിച്ചു നിൽക്കാനായുള്ളൂ. അരങ്ങേറ്രതാരം ഷഹബാസ് നദീം എറിഞ്ഞ അടുത്ത ഓവറിൽ ശേഷിച്ച രണ്ട് വിക്കറ്രുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാവുകയായിരുന്നു. ഡിബ്രൂയിന്റെ വിക്കറ്രാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. 49 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 30 റൺസെടുത്ത ഡി ബ്രൂയിനെ നദീം വിക്കറ്ര് കീപ്പർ സാഹയുടെ കൈയിൽ എത്തിക്കുകയായിരുന്നു. തൊട്ടുത്ത പന്തിൽ പതിനൊന്നാമൻ ലുങ്കി എൻഗിഡിയെ (0) റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി നദീം ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിന് തിരശീലയിടുകയായിരുന്നു. നോർട്ട്ജെ 5 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്ര് നേടി. മുഹമ്മദ് ഷമി, നദീം എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 497/9 ഡിക്ലയേർഡിനെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 162 റൺസിന് ആൾഔട്ടാവുകയായിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്യാനിറങ്ങിയപ്പോളും അവരുടെ സ്ഥിതിയിൽ മാറ്രമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |