
ചാലക്കുടി : ശക്തമായ വേനൽ മഴയിലും കാറ്റിലും അതിരപ്പിള്ളി പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മരങ്ങൾ നിലം പതിച്ചും അലമാര വീണും 3 മൂന്നുപേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് മുകളിലും മരക്കൊമ്പുകൾ വീണു. നിരവധി സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് ചുഴലിക്കാറ്റ് താണ്ഡവമാടിയത്. കണ്ണൻകുഴി കെ.എസ്.ഇ.ബി ഓഫീസിനു മുകളിലേക്ക് മരം മറിഞ്ഞു വീണാണ് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റത്. അഞ്ജുരാജ്, പി.കെ .ഗീത എന്നിവർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വെറ്റിലപ്പാറ പാലത്തിന് സമീപത്തെ തട്ടുകടയിലുണ്ടായിരുന്ന പ്രാദേശിക പത്രപ്രവർത്തകൻ ബിനോജ് ജോർജാണ് പരിക്കേറ്റ മൂന്നാമത്തെയാൾ. കടയിലെ അലമാര കാറ്റിൽ തകർന്നു വീണപ്പോൾ ചില്ല് കാലിൽ തറച്ചാണ് ബിനോജിന് പരിക്കേറ്റത്. വൈദ്യുതി ഓഫീസിലെ ഷെഡിന് മുകളിൽ മരം വീണ് ഇവിടെ പാർക്ക് ചെയ്തിരുന്ന കാറ് തകർന്നു. അരൂർമുഴി കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് കേളായി എന്ന സ്വകാര്യ ബസിനു മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്നെങ്കിലും ആർക്കും പരിക്കില്ല. വെറ്റിലപ്പാറ സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലെ താത്കാലിക ഷെഡ് കാറ്റിൽ പറന്നുപോയി. വെറ്റിലപ്പാറ പതിമൂന്നാം മൈൽ മുതൽ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം വരെ കാറ്റിൽ നാശനഷ്ടമുണ്ടായി. റോഡിലാകെ മരക്കൊമ്പുകൾ വീണ് ഗതാഗതം സ്തംഭിച്ചു. പലയിടത്തും പോസ്റ്റുകൾ ഒടിഞ്ഞുവീണു. അതിരപ്പിള്ളി പഞ്ചായത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. പലയിടത്തും തട്ടുകടകളും പെട്ടിക്കടകളും കാറ്റിൽ തകർന്നിട്ടുണ്ട്. ചാലക്കുടി നിലയത്തിൽ നിന്നും അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അതിരപ്പിള്ളി പൊലീസും രക്ഷാപ്രവർത്തനത്തിന് എത്തി. വനസംരക്ഷണ സമിതി പ്രവർത്തകരും രംഗത്തെത്തി. വഴിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ ഇവർ സുരക്ഷിതമായി അതിരപ്പിള്ളിയിൽ നിന്നും വാഹനത്തിൽ കയറ്റിവിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |