ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും പുത്തൻ ടീമായ ഒഡിഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ജംഷഡ്പൂർ എഫ്.സിയുടെ മിന്നും പ്രകടനം.തങ്ങളുടെ ഹോം ഗ്രൗണ്ടായ ടാറ്റ് സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷ താരം റാണ ഘറാമിയയുടെ വകയായി ലഭിച്ച സെൽഫ് ഗോളും സെർജിയോ കാസ്റ്റിൽ നേടിയ ഗോളുമാണ് ജംഷഡ്പൂർ എഫ്.സിക്ക് വിജയമൊരുക്കിയത്. അരിന്ദം സന്റാനയാണ് ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടത്. 35-ാം മിനിട്ടിൽ ബികാസ് ജയ്റു ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്നാണ് ജംഷഡ്പൂരിന് തുടർന്ന് പത്തുപേരുമായി കളിക്കേണ്ടിവന്നത്.
17-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ജംഷദ്പൂരാണ് ആദ്യം സ്‌കോർ ചെയ്തത്. ഫാറൂഖ് ചൗധരിയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഒഡിഷ ഡിഫൻഡർ റാണ ഖരാമിയുടെ ശ്രമം പിഴച്ചപ്പോൾ പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
40-ാം മിനിറ്റിൽ ഒഡിഷയ്ക്കായി സന്റാന ഗോൾ മടക്കി..
രണ്ടാം പകുതിയിൽ ഒഡിഷ ആക്രമണം അഴിച്ചുവിട്ടെങ്കിലും ജംഷഡ്പൂർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 85-ാം മിനിട്ടിൽ കാസ്റ്റലിലൂടെ ജംഷഡ്പൂർ വിജയമുറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |