SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.17 AM IST

ഇറാനെതിരെ ഭീഷണിയുമായി ട്രംപ് : 'എണ്ണ കിണറുകളിൽ യു.എസ് ബോംബിടും'  സമാധാന കരാറിലെത്തണം, ഹോർമുസ് തുറക്കണം  ഊർജ്ജ പ്ലാന്റുകളും ഖാർഗ് ദ്വീപും തകർക്കും  കുവൈറ്റിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Increase Font Size Decrease Font Size Print Page
pic

ടെഹ്റാൻ: സമാധാന കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാനിലെ ഊർജ്ജ പ്ലാന്റുകളും എണ്ണ കിണറുകളും ഖാർഗ് ദ്വീപും ജലശുദ്ധീകരണ കേന്ദ്രങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ എത്രയും വേഗം ഹോർമുസ് കടലിടുക്ക് തുറക്കണം. അതേസമയം, ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെയുള്ള ട്രംപിന്റെ ഭീഷണികൾ കൂടുതൽ വഷളാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.

യുദ്ധം അവസാനിപ്പിക്കാൻ ഇറാനിലെ പുതിയ ഭരണകൂടവുമായി യു.എസ് നടത്തുന്ന ചർച്ചയിൽ പുരോഗതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ 6 വരെ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പറഞ്ഞത്. യു.എസിന്റെ 3,​500 മറീൻ സൈനികരും യുദ്ധക്കപ്പലും മേഖലയിലെത്തിയതിന് പിന്നാലെയുള്ള ട്രംപിന്റെ നിലപാട് മാറ്റം ഉടൻ കരയാക്രമണം ഉണ്ടായേക്കുമെന്ന സംശയം ബലപ്പെടുത്തുന്നു.

പാരച്യൂട്ടുകൾ വഴി ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങി ശത്രുവിനെ ആക്രമിക്കാൻ വിദഗ്ദ്ധരായ ആയിരത്തിലേറെ പാരാട്രൂപ്പ്,​അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളും മേഖലയിലെത്തിയെന്ന് റിപ്പോർട്ട്. അതേസമയം,കുവൈറ്റിൽ വൈദ്യുതോർജ്ജ-ജലശുദ്ധീകരണ കേന്ദ്രത്തിന് നേരെയുണ്ടായ ഇറാനിയൻ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ സന്താന ശെൽവം കൃഷ്ണൻ (37) ആണ് കൊല്ലപ്പെട്ടത്. കുവൈറ്റിലെ മിലിട്ടറി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേറ്റു. ഇസ്രയേലിലെ ഹൈഫയിൽ ബസാൻ എണ്ണ റിഫൈനറിയിൽ ഇറാന്റെ മിസൈൽ അവശിഷ്ടം പതിച്ച് ശക്തമായ തീപിടിത്തമുണ്ടായി. ആളപായമില്ല. ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ള - ഇസ്രയേൽ സംഘർഷത്തിനിടെ ഇൻഡോനേഷ്യക്കാരനായ യു.എൻ സമാധാന സേനാംഗം കൊല്ലപ്പെട്ടു.


വ്യോമപാത നിരോധിച്ച്

സ്‌പെയിൻ

ഇറാൻ യുദ്ധത്തിന്റെ ഭാഗമായ യു.എസ് വിമാനങ്ങൾക്ക് വ്യോമപാത നിരോധിച്ച് സ്‌പെയിൻ. രാജ്യത്തെ സൈനിക ബേസുകളെ ആക്രമണത്തിന്റെ ഭാഗമാക്കാൻ അനുവദിക്കില്ലെന്ന് സ്‌പെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.


ഇന്ധന ക്ഷാമം


 ഹോർമുസിലൂടെയുള്ള എണ്ണ വരവ് പ്രതിസന്ധിയിലായതോടെ ഫിലിപ്പീൻസ്,ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ധന ക്ഷാമം രൂക്ഷം.

 ടെഹ്റാനിലെ ഇമാം ഹുസൈൻ യൂണിവേഴ്സിറ്റി ഇസ്രയേൽ ആക്രമിച്ചു.

 കൊല്ലപ്പെട്ട് നാല് ദിവസങ്ങൾക്ക് ശേഷം നാവിക മേധാവി അലിറേസ ടാങ്ങ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ. സംസ്കാരം ഇന്ന്

 അമേരിക്കൻ, ഇസ്രയേലി സൈനികരുടെയും ഉദ്യോഗസ്ഥരുടെയും മേഖലയിലുള്ള വീടുകൾ ആക്രമിക്കുമെന്ന് ഇറാൻ

 തെക്കൻ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങളുമായുള്ള ഏറ്റുമുട്ടലിനിടെ ഇസ്രയേലി സൈനികൻ കൊല്ലപ്പെട്ടു

 രാജ്യത്തെ ലക്ഷ്യമാക്കിയ 11 മിസൈലുകളും 27 ഡ്രോണുകളും യു.എ.ഇ തകർത്തു. അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ സൗദി അറേബ്യ തകർത്തു

 ഇറാക്കിലെ മുഹമ്മദ് അലാ എയർബേസിൽ മിസൈലാക്രമണം. ഇറാക്കി വ്യോമസേനാ വിമാനം തകർന്നു

യുദ്ധം അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അതിരുകടന്നതും യുക്തിരഹിതവുമാണ്.

- വിദേശകാര്യ മന്ത്രാലയം,

ഇറാൻ

-------------------

# ട്രംപിന് വേണം എണ്ണ

ഇറാനിലെ എണ്ണ തനിക്ക് വേണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു വിദേശ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണിത്. ഇറാനിലെ എണ്ണ നേടുന്നത് തനിക്ക് ഏറെ പ്രിയപ്പെട്ടകാര്യമാണെന്ന് പറഞ്ഞ ട്രംപ്,പേർഷ്യൻ ഉൾക്കടലിലെ ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും പറഞ്ഞു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്നത് ഖാർഗ് വഴിയാണ്. അതേസമയം, ഇറാനിൽ നിന്ന് 1,000 പൗണ്ട് യുറേനിയം പിടിച്ചെടുക്കാനുള്ള സങ്കീർണദൗത്യവും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കൻ സൈന്യം ഇറാന്റെയുള്ളിൽ ദിവസങ്ങളോളം ആക്രമണം നടത്തേണ്ടിവരും. ഇസ്‌ഫഹാൻ ആണവനിലയത്തെ ആണ് യു.എസ് ലക്ഷ്യമിടുന്നത്.

# ട്രംപിനെതിരെ ജനരോഷം

യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും യുദ്ധത്തിനും എതിരെ ജനരോഷം ശക്തം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും യുദ്ധത്തെ എതിർക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നു. ഇറാനിൽ കരയുദ്ധമുണ്ടാകുമെന്ന ആശങ്ക ശക്തമായതോടെ,​ സൈനികരുടെ ജീവൻ അപകടപ്പെടുത്താൻ പാടില്ലെന്ന ആവശ്യം ശക്തമായി.

ശനിയാഴ്ച 'നോ കിംഗ്‌സ് " പ്രതിഷേധം എന്ന പേരിൽ 90 ലക്ഷം പേർ 50 സ്റ്റേറ്റുകളിലായി ട്രംപിനെതിരെ അണിനിരന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളും ഫെഡറൽ ഏജൻസികളിലെ അഴിച്ചുപണികളും പ്രക്ഷോഭങ്ങളിൽ ചർച്ചയായി.

ട്രംപ് അമേരിക്കൻ കോൺഗ്രസിന്റെ അനുമതിയില്ലാതെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന പ്രക്ഷോഭമായി ഇത്. ട്രംപ് രാജാവല്ലെന്ന് ഓർമ്മിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ വർഷവും 'നോ കിംഗ്‌സ് " പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.