SignIn
Kerala Kaumudi Online
Wednesday, 01 April 2026 3.26 AM IST

ചൈന കൊടുത്ത പഴയ എഫ്-7 ജെറ്റുകളുടെ രൂപം മാറ്റാൻ പാകിസ്ഥാൻ,​ കാരണം ഇന്ത്യയുടെ പുത്തൻ എസ്-400 വരുന്നതിലെ ഭയം

Increase Font Size Decrease Font Size Print Page
jet-unmanned-vehicle

ന്യൂഡൽഹി: വ്യോമാക്രമണ പ്രതിരോധത്തിൽ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്ക് ഏറെ ഉപകാരപ്പെട്ടവയാണ് എസ്-400 വ്യോമപ്രതിരോധ സംവിധാനം. ഈ വർഷം പകുതിയോടെ എസ്-400ന്റെ പുതിയ മിസൈൽ സ്‌ക്വാഡൻ റഷ്യയിൽ നിന്നും ഇന്ത്യയിലെത്താനിരിക്കുകയാണ്. പാക് ഡ്രോണുകളും യുദ്ധവിമാനങ്ങളും വർഷിച്ച മിസൈലുകളെ കൃത്യമായി എസ്-400 തകർത്തു. ഇന്ത്യ പുതിയ എസ്-400 വരുത്തുന്ന നടപടിയോർത്ത് പാക് വ്യോമസേനയ്‌ക്ക് നെഞ്ചിടിപ്പേറുന്നതായാണ് വിവരം. എസ്-400നെ പ്രതിരോധിക്കാനായി പാകിസ്ഥാൻ അവരുടെ പഴക്കമേറിയതും സർവീസിൽ നിന്നും മാറ്റിയതുമായ ചൈന നൽകിയ ചെങ്‌ദു എഫ്-7പിജി ഫൈറ്റർ വിമാനങ്ങളെ ആളില്ലാ ഡ്രോണുകളാക്കി മാറ്റാൻ തുടങ്ങുകയാണ്.

ഇന്ത്യ ഉപയോഗിച്ചിരുന്ന മിഗ്-21 വിമാനങ്ങളുടെ അതേഗുണമുള്ള ചൈനീസ് നിർമ്മിത യുദ്ധവിമാനമാണ് എഫ്-7പിജി ഫൈറ്റർജെറ്റ്. പഴയ ജെറ്റുകളെ ആളില്ലാ ഡ്രോൺ ആക്കി മാറ്റുന്നതുവഴി സുശക്തമായ പലഘടനകളായുള്ള ഇന്ത്യൻ സൈന്യത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് പാക് പ്രതീക്ഷ. ചൈന ഈയിടെ ഇത്തരത്തിൽ നടത്തിയ പരിഷ്‌കാരമാണ് പാകിസ്ഥാന് കരുത്ത് പകരുന്നത്. ചൈന അവരുടെ ജെ-6,​ ജെ-7 വിമാനങ്ങൾ അടുത്തിടെ ആളില്ലാ ഡ്രോണുകളാക്കി തായ്‌വാൻ കടലിടുക്കിൽ വിന്യസിച്ചുകഴിഞ്ഞു.

ചൈനയുടെ ഇതേനടപടിയെ അനുകരിക്കാനാണ് പാക് ശ്രമം. കൂടുതൽ വേഗത്തിൽ നീങ്ങുന്ന ഡ്രോൺ വിമാനങ്ങളാകുമ്പോൾ ശത്രുരാജ്യങ്ങളുടെ റഡാറിലും മിസൈൽ ശൃംഖലയും പെട്ടെന്ന്‌ മറികടക്കും എന്നുതന്നെയാണ് പാകിസ്ഥാൻ പ്രതീക്ഷിക്കുന്നത്. സിംഗിൾ സീറ്റ് ജെറ്റായ എഫ്-7 പിജി ഫൈറ്റർജെറ്റിൽനിന്നും ഒരു പൈലറ്റിന് ആവശ്യമായവയെല്ലാം നീക്കം ചെയ്യും. ഫ്ലൈറ്റ് കൺട്രോൾ,​ ഓക്സിജൻ ടാങ്കുകൾ,​ ഡാഷ്‌ബോർഡ് വസ്‌തുക്കൾ,​ ഇജക്ഷൻ സംവിധാനം ഇവയെല്ലാം മാറ്റും. പകരം വേണ്ടത്ര സ്‌ഫോടക വസ്‌തുക്കളും ആധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളും ഘടിപ്പിക്കും. ജിപിഎസ്,​ സെൻസർ ഉപയോഗിച്ച് നിയന്ത്രിച്ച് പറക്കാനാകുന്ന സംവിധാനം ഏർപ്പെടുത്താനാണ് ആലോചന.

എഫ്-7 പിജിയ്‌ക്ക് റഡാർ സിഗ്നലുള്ളതിനാൽ ആളില്ലാ ഡ്രോൺ വിമാനം എഫ്-16,​ ജെ-10സിഇ ഫൈറ്റർ ആണെന്ന് ശത്രുക്കൾ കരുതും. കൂട്ടമായി ഇവയെ അയച്ചാൽ ഇന്ത്യയ്ക്ക് ഒരുപറ്റം വലിയ യുദ്ധവിമാനങ്ങൾ അയച്ചതെന്നേ കരുതാനാകൂ എന്നാണ് പാകിസ്ഥാന്റെ ധാരണ. റഡാറിൽ ഇവയുടെ സാന്നിദ്ധ്യം കൂടുതലായി അറിയിക്കുന്ന സംവിധാനവും ഇതിനുള്ളിലുണ്ട്. മറ്റ് ഡ്രോണുകളെല്ലാം പതിയെ സഞ്ചരിക്കുമ്പോൾ ഈ ഡ്രോണിന് ശബ്‌ദത്തെക്കാൾ രണ്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ഇത് ഒൻപത് ടൺ ഭാരമുള്ള വമ്പൻ ഒരു മിസൈൽ പോലെയാണ് പെരുമാറുക. പൈലറ്റ് ഉള്ള ജെറ്റിൽ രണ്ട് ടണ്ണോളം സ്‌ഫോടകവസ്‌തുക്കൾ വഹിക്കുന്നതിന് സാധിക്കും. ഓപ്പറേഷൻ സിന്ദൂർ പോലെ അതിർത്തിയിൽ പ്രശ്‌നങ്ങൾ നടക്കുമ്പോൾ ശത്രുവിന്റെ യുദ്ധതന്ത്രം അറിയാൻ ഇവയെ അതിർത്തികടത്തി വിടാനാകും. എന്നാൽ ഇവയെ ഇത്തരത്തിൽ ആളില്ലാ ഡ്രോണുകളാക്കി മാറ്റാൻ നിരവധി പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട് പാകിസ്ഥാന്.

അതിവേഗം കുതിക്കുന്ന ഒരു ജെറ്റുമായി ആശയവിനിമയ ബന്ധം കാത്തുസൂക്ഷിക്കുന്നത് പ്രയാസകരമാണ്. യുദ്ധമുഖത്ത് പൊടുന്നനെ തീരുമാനമെടുക്കേണ്ട സാഹചര്യം വന്നാൽ അത് സാദ്ധ്യമാകണമെങ്കിൽ എഐ സാങ്കേതികവിദ്യയുടെ സഹായവും വേണം. എന്നാൽ പാകിസ്ഥാന് ഇത് നിലവിൽ അപ്രാപ്യമാണ്. എങ്കിലും പാകിസ്ഥാൻ ഈ പദ്ധതിക്കാവശ്യമായ പ്രാഥമിക നടപടികൾ തുടങ്ങിയെന്നുതന്നെയാണ് വിവരം.

TAGS: S400, F7, JET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.