
വേനൽചൂടിനൊപ്പം തിരഞ്ഞെടുപ്പുചൂട് കനക്കുമ്പോഴും വി.ശിവൻകുട്ടി 'കൂളാണ്". സംസ്ഥാനത്ത് വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന നേമം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഇക്കുറിയും ഉറച്ച വിജയപ്രതീക്ഷ തന്നെ. എന്നുകരുതി പ്രചാരണത്തിൽ ഒരുകുറവുമില്ല. പരിചിതമായ മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് തേടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലേക്ക് കടക്കുന്നതിനിടെ ശിവൻകുട്ടി കേരളകൗമുദിയോട് സംസാരിച്ചു.
?ദിനചര്യയും പ്രചാരണ പ്രവർത്തനങ്ങളും എങ്ങനെ മുന്നോട്ടുപോകുന്നു
രാവിലെ 5.30ന് എഴുന്നേൽക്കുന്ന പതിവ് തിരഞ്ഞെടുപ്പ് കാലത്തും തെറ്റിയിട്ടില്ല. കുറച്ചുനേരം വീട്ടുവളപ്പിൽ പ്രഭാത നടത്തം. അതിനുശേഷം ഒരു ചായ. കുറച്ചുനേരം ഫിസിയോതെറാപ്പി. സന്ദർശകരെ കാണൽ തിരഞ്ഞെടുപ്പുകാലമായതുകൊണ്ട് ഇല്ല. അല്ലെങ്കിൽ 200 പേർ വരെ വരുന്നദിവസങ്ങളുണ്ട്. രാവിലെ ഏഴോടെ വീട്ടിൽനിന്നിറങ്ങും. വോട്ടഭ്യർത്ഥനകളുടെയും പ്രചാരണയോഗങ്ങളുടെയും തിരിക്കിനിടെ 9ഓടെ ഏതെങ്കിലും വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം. വെയിൽ ശക്തമായതിനാൽ 11ന് മുമ്പ് റോഡിലിറങ്ങിയുള്ള പ്രചാരണം നിറുത്തും. പിന്നീട് പാർട്ടി ഓഫീസിലോ വീട്ടിലോ എത്തും. തുടർന്ന് ഫോണിൽ വിളിക്കാവുന്നവരെ വിളിച്ച് പിന്തുണതേടുന്നതടക്കമുള്ള തിരക്കുകൾ. ഉച്ചഭക്ഷണവും കുറച്ചുനേരത്തെ വിശ്രമവും കഴിഞ്ഞ് വീണ്ടും വോട്ടർമാർക്കിടയിലേക്ക്.
?നേമത്ത് ജയം ഉറപ്പാണോ
തീർച്ചയായും. നേമത്ത് ബി.ജെ.പിക്കുണ്ടായിരുന്ന അക്കൗണ്ട് ഡബിൾ പൂട്ടിട്ട് പൂട്ടിയിരിക്കുകയാണ്. അതിനി തുറക്കില്ല. ഇന്നലെ 'ക്യാപ്റ്റൻ" (പിണറായി വിജയൻ) മണ്ഡലത്തിലെത്തി ആ പൂട്ട് ഒന്നുകൂടി ശക്തമാക്കി. എൽ.ഡി.എഫിനു ജയിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഭൂരിപക്ഷം എത്ര കിട്ടുമെന്ന് ഇപ്പോൾ പറയാനാകില്ല.
?കുട്ടികളുടെ പിന്തുണ വലിയതോതിലുള്ള മന്ത്രിയാണല്ലോ
അതെ. കുട്ടികളുടെ സ്‌നേഹവും പിന്തുണയും വലിയതോതിൽ ലഭിക്കുന്നു. വോട്ട്‌തേടിയിറങ്ങുമ്പോൾ ധാരാളം കുട്ടികളാണ് ഏറെ സ്‌നേഹത്തോടെ സമീപിക്കുന്നത്. അവരുടെ 'മന്ത്രിയപ്പൂപ്പൻ" വിളികളും സ്‌നേഹപ്രകടനങ്ങളുമെല്ലാം സ്വാഭാവികമായി ഉണ്ടാകുന്നതാണ്. കുട്ടികളുടെ കൊച്ചുകൊച്ച് വിഷയങ്ങൾ ഗൗരവമായി കണ്ട് അതിൽ ഇടപെട്ടതിന്റെ ഇഷ്ടമാണത്. ഫോട്ടോയെടുക്കാനും കുശലം പറയാനുമൊക്കെ കുട്ടികൾ എത്തുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്.
?വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയില്ലാതെ നയിക്കാനായെന്ന ആത്മവിശ്വാസമുണ്ടോ
ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വകുപ്പാണ് വിദ്യാഭ്യാസം. അത് നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എസ്.എഫ്.ഐ ഭാരവാഹിയായിരുന്നകാലത്ത് ഉയർത്തിയ മുദ്രാവാക്യങ്ങൾ പലതും മനസിലുണ്ടായിരുന്നു. പാഠപുസ്തകം കൃത്യമായി കൊടുക്കുക, പരീക്ഷ കൃത്യമായി നടത്തുക, മികച്ച പഠനസൗകര്യങ്ങളൊരുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ. അധികാരം ലഭിച്ചപ്പോൾ അതൊക്കെ പ്രാവർത്തികമാക്കാനാണ് ശ്രമിച്ചത്. അനുഭവങ്ങളായിരുന്നു എന്റെ കരുത്ത്. ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞതിന്റെ ഗുണമാണത്.
?ഇടതുസർക്കാരിന്റെ തുടർഭരണ സാദ്ധ്യത
ഇടതുസർക്കാർ മൂന്നാംവട്ടവും അധികാരത്തിൽവരും. അതിൽ ആർക്കും സംശയംവേണ്ട. കഴിഞ്ഞ പത്തു വർഷത്തിനിടെ സർക്കാർ നടത്തിയ വികസനവും ഇടപെടലുകളും ജനം തിരിച്ചറിയിയുന്നുണ്ട്. അത് വോട്ടായി മാറും. എല്ലാ മേഖലയിലും വികസനമെത്തിച്ച സർക്കാരാണിത്.
?സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ എങ്ങനെ കാണുന്നു
സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും അനുകൂലമായും മോശമായും വരുന്നു. എനിക്കെതിരായ കമന്റുകൾ ഞാൻ 'മൈൻഡ്" ചെയ്യാറില്ല. മുഖ്യമന്ത്രിയുടെ നിലപാടാണ് അക്കാര്യത്തിൽ എനിക്ക്. വിമർശനങ്ങൾ നോക്കേണ്ടതില്ല, നമ്മൾ ചെയ്യാനുള്ളത് ചെയ്യുക.
?നേമത്ത് എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ച്
വോട്ടർപ്പട്ടികയിൽ പേരുള്ള ആർക്കും ഏത് സ്ഥാനാർത്ഥിക്കും വോട്ടുചെയ്യാം. ആര് വോട്ട് ചെയ്താലും ഞാൻ മത്സരിക്കുന്നത് ഇടതുസ്ഥാനാർത്ഥിയായാണെന്നും ഞങ്ങളുടെ നിലപാട് എന്തെന്നും എല്ലാവർക്കുമറിയാം. അതിനെ പിന്തുണയ്ക്കുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാം. അത് വേണ്ടെന്ന് എങ്ങനെയാണ് പറയാനാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |