കൊച്ചി: രണ്ടു മിനിട്ടിൽ കൃഷിഭൂമിയുടെ 12 സവിശേഷത പറയുന്ന ചെറു ഉപകരണം 'ന്യൂട്രി" കർഷകർക്ക് ആശ്വാസമാകുന്നു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ഡോ. കവിത സന്തോഷും മകൻ അർജുനും ചേർന്നാണ് അഗ്രോമീറ്റർ കണ്ടുപിടിച്ചത്. മണ്ണിൽ കാലുകൾ (പ്രോബ്) കുത്തി നിറുത്തിയാണ് പ്രവർത്തനം. തുടർന്ന് രണ്ട് മിനിട്ടിൽ ന്യൂട്രി ആപ്പിൽ റീഡിംഗ് തെളിയും. അനുയോജ്യമായ കൃഷിയും നിർദ്ദേശങ്ങളും ലഭിക്കും.
250 ഗ്രാം ഭാരമുള്ള ന്യൂട്രി ബ്ലൂടൂത്തിലൂടെ ഫോണുമായി ബന്ധിപ്പിക്കാം. കേരള കാർഷിക സർവകലാശാലയുടെ സാക്ഷ്യപത്രമുള്ള ന്യൂട്രിക്ക് 90 ശതമാനം കൃത്യതയുണ്ട്.
'ന്യൂട്രി" വിപണിയിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. പക്ഷേ ആവശ്യക്കാർ ഏറെയാണ്. വില 35,400 രൂപ. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ആവശ്യക്കാരേറെ.
സംസ്ഥാന സർക്കാരിന്റെ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്‌ട്‌വെയർ (ഐസി ഫോസ്) സാങ്കേതിക സഹായം നൽകി. സ്റ്റാർട്ടപ്പ് മിഷന്റെ ഗ്രാന്റും ലഭിച്ചു.
പ്രവർത്തനം തെർമ്മോമീറ്റർ പോലെ
ബയോടെക്‌നോളജിസ്റ്റായ ഡോ. കവിതയ്‌ക്ക് തിരുവനന്തപുരത്തെ എൻ.ജി.ഒയിലായിരുന്നു ജോലി. ഗവേഷണ ആവശ്യങ്ങൾക്കായി കർഷകരുമായി ഇടപെട്ടപ്പോഴാണ് മണ്ണ് പരിശോധനയിലെ കാലതാമസം തിരിച്ചറിഞ്ഞത്. തുടർന്നാണ് തെർമോമീറ്റർ പനി മനസിലാക്കുന്നതുപോലെ മണ്ണിന്റെ സ്വഭാവമറിയുന്ന ചെറുഉപകരണമെന്ന ആശയമുണ്ടായത്. ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എൻജിനിയറിംഗ് വിദ്യാർത്ഥിയായ മകനോടും ഐ.സി.എ.ആറിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഭർത്താവ് ഡോ. സന്തോഷ് മിത്രയോടും ആശയം പങ്കുവച്ചു. ബയോട്ട പ്രസിഷൻ അഗ്രിക്കൾച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും രൂപീകരിച്ചു. ആദ്യ പരീക്ഷണങ്ങൾ പരാജയപ്പെട്ടെങ്കിലും ഒടുവിൽ ജയിച്ചു.
ഒറ്റയടിക്ക് 12 ഫലം
• ഇ.സി
• പി.എച്ച്
• ഈർപ്പം
• നൈട്രജൻ
• ഫോസ്ഫറസ്
• പൊട്ടാസ്യം
• കാത്സ്യം
• മഗ്നീഷ്യം
• സൾഫർ
• അയൺ
• കോപ്പർ
• സിങ്ക്
ന്യൂട്രിക് കേരളത്തിലടക്കം ആവശ്യക്കാരുണ്ട്. കാര്യവട്ടത്തെ ഓഫീസിലാണ് നിർമ്മാണം. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം വൈകാതെ ആരംഭിക്കും
അർജുൻ സന്തോഷ്
ബയോട്ട പ്രസിഷൻ അഗ്രിക്കൾച്ചർ
പ്രൈവറ്റ് ലിമിറ്റഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |