
ന്യൂഡൽഹി: പ്രമുഖ ടെന്നീസ് താരം ലിയാണ്ടർ പയസിനെ പാളയത്തിലെത്തിച്ച് ബി.ജെ.പി. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം. ന്യൂഡൽഹിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും സുകാന്ത മജുംദാറും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌തു. 2021ൽ ലിയാണ്ടർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു.
1996ൽ അറ്റ്ലാന്റ ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് ടെന്നീസിൽ വെങ്കല മെഡൽ ജേതാവായി രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലിയാണ്ടർ യുഎസ് ഓപ്പൺ, വിംബിൾഡൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയുൾപ്പെടെ 18 ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഇന്ത്യക്കാരനുമാണ്. 2020ൽ 47 -ാം വയസിൽ ടെന്നീസിൽ നിന്ന് വിരമിച്ചു. 2021ൽ തൃണമൂൽ കോൺഗ്രസിൽ. ലിയാണ്ടറിന്റെ ഗോവൻ ബന്ധം അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനുള്ള നീക്കം ഫലം കണ്ടില്ല. അർജുന അവാർഡ് (1990), പദ്മശ്രീ (2001), പദ്മഭൂഷൺ (2014) എന്നീ ബഹുമതികളും ലഭിച്ചു. ലിയാണ്ടറിന്റെ വ്യക്തിത്വം തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി ലക്ഷ്യം. ലിയാണ്ടറിലൂടെ ബി.ജെ.പി ഗോവ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ലിയാണ്ടർ ബംഗാളിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ചൂണ്ടിക്കാട്ടി ബി.ജെ.പി മറ്റൊരു വരത്തനെക്കൂടി പാരച്യൂട്ടിൽ ഇറക്കിയെന്നും തൃണമൂൽ കളിയാക്കി.
പിതാവ് മുൻ ഹോക്കി താരം വെസ് പേസ് ഗോവൻ സ്വദേശി
കൊൽക്കത്തയിലെ ക്രിസ‌്ത്യൻ കുടുംബത്തിലാണ് ലിയാണ്ടർ ജനിച്ചുവളർന്നത്
അമ്മ, ജെന്നിഫർ പേസ്, 1980 ലെ മുൻ ബാസ്കറ്റ്ബോൾ താരം
പ്രശസ്ത ബംഗാളി കവി മൈക്കൽ മധുസൂദൻ ദത്തയുടെ കൊച്ചുമകളാണ് ജെന്നിഫർ
ലിയാണ്ടറിന്റെ പിതാവ് 1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ടീം അംഗം
ഇത് ജീവിതത്തിലെ വലിയ ദിവസമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും നിതിൻ നവീനും നന്ദി. ജനങ്ങളെയും യുവാക്കളെയും സേവിക്കാൻ ബി.ജെ.പി അവസരം നൽകി.
- ലിയാണ്ടർ പയസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |