
പാലക്കാട്: വീടിന് പുറത്ത് ഷൂസിനുള്ളിൽ വച്ച താക്കോലെടുത്ത് വീടുതുറന്ന് പത്ത് പവനും 90,000 രൂപയും മോഷ്‌ടിച്ചു. പാലക്കാട് തരൂർ പഴമ്പാലക്കോട് പാനത്ത് പി കെ ജോയിയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.
മുറിക്കുള്ളിലെ ചുവരിനോട് ചേർന്നുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്‌ടപ്പെട്ടത്. മോഷണം നടക്കുന്ന സമയം ജോയിയുടെ ഭാര്യ ജിജി ചേലക്കരയിലെ പള്ളിയിൽ പ്രാർത്ഥനയ്‌ക്ക് പോയിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ഇറങ്ങിയ ജോയി വീട് പൂട്ടി താക്കോൽ സിറ്റ്‌ഔട്ടിലെ ഷൂസിനുള്ളിൽ വച്ചശേഷമാണ് പോയത്.
തിരികെ എത്തിയപ്പോൾ മുൻവാതിൽ ചാരിയിട്ടിരിക്കുന്നതായി കണ്ടു. പക്ഷേ താക്കോൽ ഷൂവിനുള്ളിൽ തന്നെയുണ്ടായിരുന്നു. അലമാര പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്‌ടപ്പെട്ടതായി മനസിലായത്. മോഷണം നടത്തിയശേഷം താക്കോൽ തിരികെ വച്ചതാകാമെന്നാണ് നിഗമനം.
ജിജി എല്ലാ ചൊവ്വാഴ്‌ചയും ചേലക്കരയിലെ പള്ളിയിൽ പോകറുണ്ട്. ജോയി ഇവരെ കൂട്ടിക്കൊണ്ടുവരികയാണ് പതിവ്. വീട് പൂട്ടി പോകുമ്പോൾ താക്കോൽ സിറ്റ്‌ഔട്ടിലെ ഷൂവിനുള്ളിൽ വയ്‌ക്കും. ഇത് മനസിലാക്കിയ ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ജോയിയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |