
ന്യൂഡൽഹി: അമരാവതിയെ ആന്ധ്രാ പ്രദേശിന്റെ ഏക തലസ്ഥാനമായി അംഗീകരിക്കാനുള്ള ഭേദഗതി ഉൾപ്പെടുത്തിയ ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബിൽ ലോക്‌സഭ പാസാക്കി. ആദ്യ അജണ്ടയിൽ ഇല്ലായിരുന്ന ബിൽ സപ‌്ളിമെന്ററി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ശേഷം അവതരിപ്പിച്ച് ചർച്ച നടത്തി പാസാക്കുകയായിരുന്നു.
2024 ജൂൺ 2 മുതൽ മുൻകൂർ പ്രാബല്യത്തോടെ തലസ്ഥാന പദവി നൽകുന്നതാണ് ഭേദഗതി. ഇതിനുള്ള പ്രമേയം ആന്ധ്രാപ്രദേശ് നിയമസഭ മാർച്ച് 28 ന് പാസാക്കിയിരുന്നു.
2014ൽ ആന്ധ്ര വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെയാണ് പുതിയ തലസ്ഥാനം ആവശ്യമായി വന്നത്. ആന്ധ്രാ നിയമസഭയും ഹൈക്കോടതിയും ഇപ്പോഴും പ്രവർത്തിക്കുന്നത് തെലങ്കാന തലസ്ഥാനമായി മാറിയ ഹൈദരാബാദിലാണ് .
ആന്ധ്രയിൽ ജഗൻമോഹന്റെ വൈ.എസ്.ആർ കോൺഗ്രസ് ഭരിച്ചപ്പോൾ അമരാവതിയെ ഒറ്റ തലസ്ഥാനമാക്കുന്നതിനെ എതിർത്തിരുന്നു. ഹൈക്കോടതി കർണൂലിലും സെക്രട്ടേറിയറ്റ് വിശാഖപട്ടണത്തും അസംബ്ളി അമരാവതിയും എന്നതായിരുന്നു പാർട്ടി നിലപാട്. ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലേറിയതോടെയാണ് അമരാവതിയെ ഒറ്റ തലസ്ഥാനമാക്കാനുള്ള നീക്കങ്ങൾ ശക്തമായത്. ഗുണ്ടൂർ ജില്ലയിൽ കൃഷ്ണാ നദിക്കരയിൽ 33,000 കോടി ചെലവിൽ ഏഴു ഘട്ടമായാണ് തലസ്ഥാന നഗരം വികസിപ്പിക്കുന്നത്.
തലസ്ഥാന നഗരത്തിനായി ഭൂമി വിട്ടു നൽകിയ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ബില്ലിന്റെ ചർച്ചയിൽ വൈ.എസ്. ആർ കോൺഗ്രസ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |