
ഗുവാഹത്തി: നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസ് അസാമിൽ വീണ്ടും പരാജയപ്പെടുമെന്നും ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലേറി ഹാട്രിക് തികയ്‌ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ധേമാജി ജില്ലയിലെ ഗോഗമുഖിൽ അസാമിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത മോദി കോൺഗ്രസിന്റെ രാജകുമാരന് നൂറാം തോൽവി ഉറപ്പെന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചു.
സേവനത്തിന്റെയും ഭരണത്തിന്റെയും മികച്ച പത്തു വർഷങ്ങളാണ് ബി.ജെ.പി അസാമിൽ കാഴ്‌ചവച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനവുമാണ് മൂന്നാം ഭരണത്തിൽ തങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് തിരികെ വന്നാൽ കുടിയേറ്റക്കാരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് മോദി പറഞ്ഞു. ബി.ജെ.പിയും സഖ്യകക്ഷികളും അതനുവദിക്കില്ല. ഭൂരിപക്ഷ സമുദായത്തെ ന്യൂനപക്ഷമാക്കി, നുഴഞ്ഞുകയറ്റക്കാരുടെ സ്ഥിരം വോട്ട് ബാങ്ക് സൃഷ്ടിക്കലാണ് കോൺഗ്രസിന്റെ ലക്ഷ്യം-മോദി അവകാശപ്പെട്ടു.
2014 ന് മുമ്പ്, കേന്ദ്രത്തിൽ ഭരണത്തിലിരിക്കെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരാനുള്ള കോൺഗ്രസ് ശ്രമം എൻ.ഡി.എയുടെ എതിർപ്പിനാൽ നടന്നില്ല. അത് അസാമിൽ നടപ്പാക്കാനാണ് അവരുടെ നീക്കം.
200 വർഷം പഴക്കമുള്ള അസാമിലെ തേയില വ്യവസായത്തെ 60 വർഷം ഭരിച്ച കോൺഗ്രസ് അവഗണിച്ചെന്നും മോദി കുറ്റപ്പെടുത്തി. ബി.ജെ.പി അസാമിന്റെ സ്വത്വം സംരക്ഷിക്കും. തൊഴിലാളികളെ സംരക്ഷിക്കും. തന്റെ ജീവിതവും ചായയുമായി ബന്ധപ്പെട്ടിരിക്കുന്നു. എൻ.ഡി.എയ്ക്കു മാത്രമേ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനാകു.
കോൺഗ്രസ് അസാമീസ് സമൂഹത്തെ വിഭജിച്ചു. ബ്രഹ്മപുത്രയുടെ ഇരു തീരങ്ങളിലുമുള്ള ജനങ്ങളെ ഒന്നിക്കാൻ അനുവദിച്ചില്ല. എൻ.ഡി.എ സർക്കാർ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയും പാലങ്ങൾ പണിയാൻ മുൻകൈയെടുക്കുകയും ചെയ്തു-മോദി പറഞ്ഞു. 10 വർഷത്തെ ബി.ജെ.പി ഭരണത്തിനിടെ 22 ലക്ഷത്തിലധികം ദരിദ്ര കുടുംബങ്ങൾക്ക് വീടുകളുണ്ടാക്കി. 15 ലക്ഷം കുടുംബങ്ങൾക്ക് കൂടി വീടുകൾനൽകും. ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ 40 ലക്ഷം സ്ത്രീകളെ 'ലഖ്പതി'മാരാക്കും. - അദ്ദേഹം പറഞ്ഞു.
തേയില തൊഴിലാളികളെ കണ്ട് മോദി
അസാമിലെ ദിബ്രുഗഡിൽ മോദി തേയിലത്തോട്ടത്തിലെത്തി വനിതാ തൊഴിലാളികളുമായി സംവദിച്ചു. അവർക്കൊപ്പം തേയില നുള്ളുകയും പരമ്പരാഗത നൃത്തം ആസ്വദിക്കുകയും സെൽഫിയെടുക്കുകയും ചെയ്‌തു. തോട്ടത്തിലെ അനുഭവം അവിസ്‌മരണീയമെന്ന് എക്‌സിൽ മോദി കുറിച്ചു. ഓരോ തേയിലത്തോട്ട കുടുംബത്തിന്റെയും പരിശ്രമത്തിൽ വളരെ അഭിമാനിക്കുന്നു. അവരുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും അസാമിന്റെ അഭിമാനം വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |