
ന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബിൽ ചർച്ച ചെയ്യുമെന്നറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാർ ഇന്നലെ പാർലമെന്റിലെത്തി. സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് നിറുത്തണമെന്ന ബാനറുമായി എം.പിമാർ പാർലമെന്റ് കവാടത്തിന് മുന്നിൽ ധർണ നടത്തി.
ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ,ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി,ഇ.ടി. മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ഡീൻകുര്യാക്കോസ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. എം.പിമാരുടെ പ്രതിഷേധത്തിൽ ലോക്‌സഭ രാവിലെ തടസപ്പെട്ട് 12മണിവരെ നിറുത്തിവച്ചു.
ബിൽ ചർച്ച ചെയ്യില്ലെന്ന പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ ഉറപ്പിൽ ഉച്ചയ്‌ക്കുശേഷം പ്രതിഷേധത്തിൽ നിന്ന് പിൻമാറി. തിരഞ്ഞെടുപ്പിനായി ബില്ലിന്റെ പേരിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റിജിജു ആരോപിച്ചു. ദേശീയ താത്പര്യത്തിനും സുരക്ഷയ്ക്കും വേണ്ടി വിദേശ ഫണ്ടിന്റെ ശരിയായ വിനിയോഗം ഉറപ്പാക്കാനാണ് ഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ബിൽ വരും
പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് തത്കാലത്തേക്ക് പിരിഞ്ഞ ശേഷം വനിതാസംവരണ ബിൽ ഭേദഗതി അടക്കം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ചേരുന്നുണ്ട്. ആ സമ്മേളനത്തിൽ എഫ്.സി.ആർ.ഐ ബില്ലും പരിഗണിക്കുമെന്നാണ് സൂചന. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്നതാണ് പ്രതിപക്ഷ ആവശ്യം. വിദേശ സംഭാവന വാങ്ങുന്ന സംഘടനകളുടെ ദൈനംദിന ഭരണത്തിലും സ്വത്തുവകകളിലും കേന്ദ്ര നിയന്ത്രണം ലക്ഷ്യമിടുന്ന ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |