തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ശ്രീപദ്മനാഭ സ്വാമിക്ക് ശംഖുംമുഖം കടലിൽ ആറാട്ട് നടന്നു.ആറാട്ടോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം സമാപിച്ചു.ഇന്ന് രാവിലെ ആറാട്ട് കലശം നടക്കും.
ഇന്നലെ വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെനട വഴി പുറത്തിറങ്ങി.ഭക്തർ വായ്ക്കുരവയിട്ട് വിഷ്ണു മന്ത്രം ജപിച്ച് ഭക്തിയോടെ കാത്തുനിന്നു.
സ്വർണ ഗരുഡ വാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും,വെള്ളിവാഹനങ്ങളിൽ തെക്കേടത്ത് നരസിംഹമൂർത്തി,തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു. വിളംബരമറിയിച്ച് പെരുമ്പറ കെട്ടിയ ആന മുന്നിൽ നീങ്ങി.ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ പള്ളിവാളേന്തി അകമ്പടി വന്നു.തൃപ്പാദപുരം,ത്രിവിക്രമംഗലംവിഷ്ണുക്ഷേത്രങ്ങൾ,ശ്രീവരാഹം ക്ഷേത്രം,ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങൾ കൂടിയാറാട്ടിനായി ഒപ്പമെത്തി.
സായുധ പൊലീസും കരസേനയുടെ അംഗങ്ങളും ആചാര ബഹുമതി നൽകി.വേൽക്കാർ,കുന്തക്കാർ,പൊലീസിന്റെ ബാൻഡ് സംഘം എന്നിവ അകമ്പടി സേവിച്ചു.
എഴുന്നള്ളത്ത് പടിഞ്ഞാറെനട കടന്നപ്പോൾ ആചാര വെടിയുയർന്നു.വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടിയാണ് ഘോഷയാത്ര കടന്നുപോയത്.ആറാട്ട് കടന്നുപോകുന്നത് കണക്കിലെടുത്ത് 4 മണിക്കൂർ റൺവേ അടച്ചിട്ടു.
ശംഖുംമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്കുശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിച്ചു.തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരി,പെരിയനമ്പി,പഞ്ചഗവ്യത്തു നമ്പി എന്നിവർ കാർമ്മികത്വം വഹിച്ചു. രാത്രിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തി.തുടർന്ന് കൊടിയിറക്കും നടന്നു.
ആറാട്ട് എഴുന്നള്ളത്തിന് ഭരണസമിതി അംഗങ്ങളായ ആദിത്യവർമ,കരമന ജയൻ,എ.വേലപ്പൻനായർ,ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ ശ്രീഹരി,മാനേജർ അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരിപാർവതീബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |