
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി തങ്ങൾ പിരിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി കോൺഗ്രസ്. ആകെ പിരിച്ചത് 5.28 കോടി രൂപയാണെന്നാണ് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 6.18 കോടിരൂപ സ്ഥലം വാങ്ങുന്നതിനുവേണ്ടി ചെലവായെന്നും രജിസ്ട്രേഷന് ഇനി 73 ലക്ഷം രൂപകൂടി വേണമെന്നും വീടുനിർമാണത്തിനായുള്ള നടപടികൾ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ ഇത് എങ്ങനെയെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
കോൺഗ്രസ് ഏറെ പേരുദോഷം കേട്ട വിഷയമായിരുന്നു വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവ്. ഉടൻ വീടുവച്ചുകൊടുക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്നുവെങ്കിലും ഭൂമിവാങ്ങൽപോലും നടന്നിരുന്നില്ല. ഒടുവിൽ അടുത്തിടെ ഭൂമി വാങ്ങി. എന്നാൽ അവിടെ ഒരുതരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിരുന്നില്ല. പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടണമെന്നാവശ്യപ്പെട്ട് സി പി എമ്മും, ഡി വൈ എഫ് ഐയും എസ് എഫ് ഐയും സോഷ്യൽ മീഡിയിലൂടെയും അല്ലാതെയും രംഗത്തുവന്നിരുന്നു.മൈക്കിനുമുന്നിൽ നിന്ന് എത്രവീടുവേണമെങ്കിലും നിർമ്മിച്ചുകൊടുക്കുന്ന വ്യക്തി എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയുള്ള പരിഹാസം. യൂത്ത് കോൺഗ്രസ് പിരിച്ച പണം അപ്പാടെ മുക്കിയെന്നും ആക്ഷേപമുയർന്നിരുന്നു. അതിനിടെയാണ് കോൺഗ്രസ് കണക്കുകൾ പുറത്തുവിട്ടത്.
വളരെകുറച്ചുപണം മാത്രം പിരിച്ചെടുക്കാൻ കഴിഞ്ഞത് സംഘടനാ സംവിധാനത്തിന്റെ പാളിച്ചയല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ സണ്ണി ജോസഫ് തയ്യാറായില്ല. മികച്ച സംഘടനാ സംവിധാനം ഉള്ളതുകൊണ്ടാണ് പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ജയിക്കാനായതെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകം നൽകിയതുൾപ്പെടെയുള്ള പണം കൊണ്ടാണ് കേരളസർക്കാർ ടൗൺഷിപ്പ് നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |