
ന്യൂഡൽഹി: കളിപ്പാട്ടത്തിനുള്ളിൽ സ്‌ഫോടകവസ്‌തു സ്ഥാപിച്ച് ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഭീകരർ മുംബയിൽ പിടിയിലായി. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുംബയ് സ്വദേശികളായ മൊസാബ് അഹ്ദം എന്ന കലാം കല്യാൺ, മുഹമ്മദ് ഹമദ് കൊല്ലാര എന്നിവരെ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുവന്നു.
ഇരുവർക്കും പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ മിഷൻ ഖിലാഫത്ത്, സോൾജിയേഴ്‌സ് ഓഫ് പ്രോഫെറ്റ് തുടങ്ങിയ ഓൺലൈൻ ഭീകര ശൃംഖലകളുമായും ജെയ്‌ഷെ മുഹമ്മദിനായി ഓൺലൈൻ റിക്രൂട്ട്‌മെന്റ് നടത്തുന്ന അബു ഹുഫെസ എന്നയാളുമായും ബന്ധപ്പെട്ടെന്നും തെളിഞ്ഞിട്ടുണ്ട്.
സ്‌ഫോടകവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിൽ പരിശീലനം നേടിയ പ്രതികൾ കളിപ്പാട്ട കാറിനുള്ളിൽ ബോംബ് ഒളിപ്പിച്ച് ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. അതേസമയം, ഇവരുമായി ബന്ധമുള്ള മുംബയിലെ 4-5 പ്രായപൂർത്തിയാകാത്ത ചിലരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |