കേരളത്തിന്റെ തലസ്ഥാനത്തിന്റെ പേരിൽ അറിയപ്പെടുന്ന മണ്ഡലം, നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന മണ്ഡലം എന്നീ നിലകളിൽ ശ്രദ്ധേയമാണ് തിരുവനന്തപുരം മണ്ഡലം. 2011ലെ മണ്ഡല പുനർ നിർണയത്തിലൂടെയാണ് തിരുവനന്തപുരം മണ്ഡലം നിലവിൽ വന്നത്. മുൻപ് തിരുവനന്തപുരം വെസ്റ്റ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ്.
നഗരസഭയിലെ വിവിധ വാർഡുകൾ അടങ്ങുന്ന മണ്ഡലത്തിൽ തീരദേശ മേഖലയിലെ വോട്ടുകൾ നിർണായകമാണ്. മണ്ഡലം രൂപീകരിച്ചതിന് ശേഷം 2011ലും 2016ലും യു.ഡി.എഫിലെ വി.എസ് . ശിവകുമാർ വിജയിച്ചപ്പോൾ 2021ൽ ആന്റണി രാജുവിലൂടെ എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അയോഗ്യതയെ തുടർന്ന് ആന്റണി രാജുവിന് മത്സരിക്കാനാവാത്തതിനാൽ മണ്ഡലം ഏറ്റെടുത്ത സി.പി.എം എൽ.ഡി.എഫ് സ്വതന്ത്രനായി ചലച്ചിത്രതാരം കരമന സുധീറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫ് ആകട്ടെ കോൺഗ്രസ് മുൻപ് രണ്ടുതവണ വിജയിച്ച മണ്ഡലം ഘടക കക്ഷിയായ സി.എം.പിക്കാണ് നൽകിയിരിക്കുന്നത്. സി.പി. ജോണാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പി നേതാവ് കരമന ജയനാണ് മത്സരിക്കുന്നത്.,
പിണറായി സർക്കാരിന്റെ വികസന പദ്ധതികൾ മുൻനിറുത്തി എൽ.ഡി.എഫ് പ്രചാരണം നടത്തുമ്പോൾ ഭരണവിരുദ്ധ വികാരവും അഴിമതിയും ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങൾ മുൻനിറുത്തിയാണ് യു.ഡി.എഫിന്റെ പ്രചാരണം. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ തിരുവനന്തപുരത്തും നടപ്പാക്കുക എന്ന ലക്ഷ്യം ഉയർത്തിയാണ് ബി.ജെ.പി പ്രചാരണം.
എന്നാൽ സാമുദായിക അടിയൊഴുക്കുകളാണ് മണ്ഡലത്തിലെ വിജയത്തെ സ്വാധീനിക്കുക , നഗരപ്രദേശത്ത് നായർ,ഈഴവ വോട്ടുകളാണ് കൂടുതലെങ്കിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണ്. പ്രത്യേകിച്ചും ലത്തീൻ കത്തോലിക്കാ സഭയുടെ വോട്ടുകൾ ഏതു മുന്നണിക്കൊപ്പമാണ് എന്നതിന് മണ്ഡലത്തിൽ വലിയ പ്രാധാന്യമുണ്ട്. മണ്ഡലത്തിലെ വോട്ടർമാരും സമാന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണിന് മുൻതൂക്കം നൽകുന്ന ഫാർമസിസ്റ്റായ കുളത്തുറാം ബി.ജെ.പി രണ്ടാമത് എത്തുമെന്ന് പറയുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വൈകി പ്രഖ്യാപിച്ചതും ചിഹ്നവും അവർക്ക് തിരിച്ചടിയാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. തീരദേശ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാകുമെന്നും കുളത്തുറാം പറയുന്നു. അതേസമയം ബി.ജെ.പി ഇത്തവണ തിരുവനന്തപുരത്ത് അട്ടിമറി വിജയം നേടുമെന്ന് ഓട്ടോ ഡ്രൈവറായ വിശാഖ് അവകാശപ്പെട്ടു. മറ്റു മുന്നണികളുടെ സ്ഥാനാർത്ഥികൾ ദുർബലരാണെന്നാണ് വിശാഖ് പറയുന്നത്. തിരുവനന്തപുരം നഗരസഭയിൽ ബി.ജെ.പി ഭരണം പിടിച്ചതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ എൽ.ഡി.എഫ് മണ്ഡലം നിലനിറുത്തുമെന്നാണ് പലവ്യഞ്ജന കട നടത്തുന്ന ഷറഫുദ്ദീന്റ വിലയിരുത്തൽ. പെൻഷൻ കൂട്ടിയതും പെൻഷൻ കുടിശിക വിതരണം ചെയ്തതും വയനാട് പുനരധിവാസവും ചൂണ്ടിക്കാട്ടിയാണ് ഷറഫുദ്ദിൻ ഇക്കാര്യം പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |