
തിരുവനന്തപുരം: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം നേമം ആണ്. പോരാട്ടത്തിന്റെ ചൂട് പ്രചാരണത്തിലും സൈബര്‍ ഇടത്തിലും വ്യക്തമാണ്. മണ്ഡലത്തിലെ പ്രധാന പോരാട്ടം ബിജെപിയും സിപിഎമ്മും തമ്മിലാണ്. എന്നാല്‍ 2021 മുതല്‍ ഘടകകക്ഷിയില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്തതോടെ അക്ഷരാര്‍ത്ഥത്തില്‍ ത്രികോണ മത്സരം ആണ് നേമത്ത് നടക്കുന്നത്. ജയസാദ്ധ്യതയില്‍ പിന്നിലാണെങ്കിലും കോണ്‍ഗ്രസിനെ എഴുതിതള്ളാന്‍ കഴിയില്ല.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് നിലനില്‍ത്താന്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് രംഗത്തുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ പോരിനിറങ്ങിയത്. യുവ നേതാവും അരുവിക്കര മുന്‍ എംഎല്‍എയുമായ കെഎസ് ശബരീനാഥനാണ് കോണ്‍ഗ്രസിനായി രംഗത്തുള്ളത്. മണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിപ്രായം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് മികച്ച മത്സരം നടത്തുകയും വോട്ട് പിടിക്കുകയും ചെയ്യുമെങ്കിലും ജയസാദ്ധ്യത കുറവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നേമം. 2016ല്‍ 8000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാല്‍ ഇവിടെ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ തവണയും ബിജെപി ജയമുറപ്പിച്ച് നില്‍ക്കവെയാണ് കെ മുരളീധരന്‍ മത്സരരംഗത്തേക്ക് വന്നത്. 13000 വോട്ടുകള്‍ മാത്രമുണ്ടായിരുന്നത് മുരളി എത്തിയതോടെ 36524ല്‍ എത്തിയതോടെയാണ് ഇവിടെ ബിജെപി പരാജയപ്പെട്ടത്.
വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ വി ശിവന്‍കുട്ടിയുടെ പ്രകടനത്തോട് വലിയ മതിപ്പാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക്. നേമത്ത് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളിലും വോട്ടര്‍മാര്‍ക്ക് എതിരഭിപ്രായമില്ല. എന്നാല്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയം ബിജെപിയും കോണ്‍ഗ്രസും വലിയ പ്രചാരണ വിഷയമാക്കിയിട്ടുള്ള മണ്ഡലമാണ് നേമം. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ശിവന്‍കുട്ടിക്ക് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന അഭിപ്രായവും മണ്ഡലത്തില്‍ ശക്തമാണ്. ബിജെപിക്ക് ജയസാദ്ധ്യതയുള്ളതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ഇടത് മുന്നണിയിലേക്ക് കേന്ദ്രീകരിക്കുമെന്നതും ശിവന്‍കുട്ടിക്ക് അനുകൂലമായ ഘടകങ്ങളാണ്.
രാജീവ് ചന്ദ്രശേഖറിലേക്ക് വരുമ്പോള്‍ ബിജെപിക്ക് എറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള മണ്ഡലം എന്നത് വലിയ നേട്ടമാണെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായം. മണ്ഡലത്തിലെ കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ബഹുഭൂരിപക്ഷത്തിലും ബിജെപി കൗണ്‍സിലര്‍മാരാണ് എന്നതും രാജീവിന് അനുകൂലം. ബിജെപി നഗരസഭ ഭരിക്കുന്നതിനാല്‍ തന്നെ സ്ഥലത്തെ എംഎല്‍എയും ബിജെപിയില്‍ നിന്നാകുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കരുതുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നവെന്നാണ് പാര്‍ട്ടി അഭിപ്രായപ്പെടുന്നത്.
സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്നും ആ ട്രെന്‍ഡില്‍ നേമവും ഒപ്പം പോരുമെന്നുമാണ് കടുത്ത കോണ്‍ഗ്രസ് അനുഭാവികള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശബരിക്ക് വിജയിച്ച് വരാനുള്ള സാഹചര്യം മണ്ഡലത്തില്‍ ഇല്ലെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതും തിരിച്ചടിയാണ്. എന്നാല്‍ നേമത്ത് ആര് വിജയിക്കണം എന്നതില്‍ ശബരിനാഥന്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും. 35000ല്‍ അധികം വോട്ട് ശബരിനാഥന് ലഭിക്കുകയാണെങ്കില്‍ അത് ശിവന്‍കുട്ടിക്ക് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തല്‍.
മണ്ഡലത്തിന് പുറത്തേക്ക് നീളുന്ന 'പക'
2021ല്‍ ബിജെപി ഉറപ്പായും വിജയിച്ച് വരുമെന്ന് പ്രതീക്ഷിച്ച മണ്ഡലമാണ് നേമം. എന്നാല്‍ മുരളിയെത്തുകയും വോട്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ ഉറച്ച മണ്ഡലം ബിജെപിക്ക് നഷ്ടപ്പെട്ടു. വിജയിച്ചത് ശിവന്‍കുട്ടിയാണെങ്കിലും അക്കൗണ്ട് പൂട്ടിച്ചത് കെ മുരളീധരനായിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി മുരളീധരന്‍ മത്സരിക്കുന്ന വട്ടിയൂര്‍ക്കാവിലേക്കും നീളുന്ന രാഷ്ട്രീയ പകയാണ് നേമം ബാക്കിവയ്ക്കുന്നത്. മണ്ഡലത്തില്‍ ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് വിയോജിപ്പുള്ള ബിജെപി അനുഭാവികള്‍ മുരളീധരന്റെ തോല്‍വി ഉറപ്പാക്കാന്‍ സിപിഎമ്മിന് വോട്ട് ചെയ്യും എന്നത് കോണ്‍ഗ്രസ് പോലും ഭയക്കുന്ന ഒന്നാണ്. ഈ ഡീല്‍ ആരോപിച്ച് മുരളീധരന്‍ തന്നെ നേരിട്ട് രംഗത്ത് വരികയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |