
കോട്ടയം : ആവേശം ആകാശം തൊട്ടു. ആർപ്പുവിളികളോടെ ആളുകൾ നിറഞ്ഞു. വാദ്യമേളങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി. ഒരു മാസത്തോളം നീണ്ട പ്രചണ്ഡ പ്രചാരണത്തിന് കലാശക്കൊട്ട്. പൂക്കൾ വിതറിയും പാട്ടും നൃത്തവും പടക്കവും പൂക്കാവടിയുമൊക്കെയായി ഒൻപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ആഘോഷത്തിന്റെ അലകൾ തീർത്തു. ചാണ്ടി ഉമ്മനും, മാണി സി.കാപ്പനും കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രവർത്തകർ കേന്ദ്രീകരിച്ചു. ബൈക്ക് റാലിയോടെ ചിലർ. ബലൂണുകൾ പറത്തിയും കൊടിയും ചിഹ്നവും പേറിയും മറ്റുചിലർ. കോട്ടയം നഗരം കേന്ദ്രീകരിച്ചായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.കെ.അനിൽകുമാർ, പി.അനിൽകുമാർ എന്നിവരുടെ കലാശക്കൊട്ട്. ചെണ്ടയും നാസിക് ഡോളും ബാൻഡുമേളവുമൊക്കൊയി ചെറുപൂരം പോലെ. വലിയ വാഹനങ്ങളിൽ പ്രവർത്തകരെ ചിരിച്ചും കൈകാണിച്ചും അഭിവാദ്യം ചെയ്തും സ്ഥാനാർത്ഥികൾ. പരമാവധിആവേശം വിതറി ആടി നിൽക്കുന്ന വോട്ടും ഉറപ്പിക്കാനുള്ള ശ്രമം.
സെൻട്രൽ ജംഗ്ഷനിലായിരുന്നു ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ കലാശക്കൊട്ട് ആവേശം തീർത്തത്. മന്ത്രി വിഎൻ.വാസവന്റെ പ്രചാരണത്തിൽ പരമാവധി പ്രവർത്തകരെ എത്തിച്ചും ചിഹ്നം ഉയർത്തിയും ആവേശം വിതറി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ തവളക്കുഴിയിൽ നിന്ന് ഏറ്റുമാനൂരിലേയ്ക്ക് സമാപിക്കും വിധമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ആതിര ഡി.നായരുടെ കലാശക്കൊട്ട്. ക്രെയിന് മുകളിൽ കയറി നൃത്തം ചെയ്താണ് സ്ഥാനാർത്ഥി പ്രവർത്തകരെ ആവേശത്തിലാക്കിയത്. മൂവർണക്കൊടികളേന്തിയും പ്രവർത്തകർ നൃത്തം ചെയ്തും നാട്ടകം സുരേഷിന്റെ പ്രചാരണ സമാപനം വർണാഭമാക്കി.
പൊൻകുന്നത്തായിരുന്നു കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥികളുടെ കലാശക്കൊട്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് കാഞ്ഞിരപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ.ജയരാജിനെ പ്രവർത്തകർ തോളിലേറ്റി. കുട്ടികളടക്കം അണിനിരന്നു. പടക്കം പൊട്ടിച്ചും താമര ചിഹ്നം ഉയർത്തിയും അലങ്കരിച്ച വാഹനങ്ങളും ബൈക്ക് റാലിയുമായി കേന്ദ്ര മന്ത്രി ജോർജ് കുര്യന് വേണ്ടി പ്രവർത്തകർ അണിനിരന്നു. വാദ്യമേളങ്ങളോടെ യു.ഡി.എഫ് സ്ഥാനാർത്ഥി റോണി കെ.ബേബിയും വോട്ടുറപ്പിക്കാൻ അണിനിരന്നു.
പാലാ കുരിശു പള്ളി കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി ഷോൺ ജോർജ്. ചാക്കോച്ചിയെന്നെഴുതിയ ലോറിയ്ക്ക് മുകളിൽക്കയറി സ്ഥാനാർത്ഥി അഭിവാദ്യം ചെയ്തു. നഗരസഭാ ഓഫീസിന് സമീപം കേന്ദ്രീകരിച്ചായിരുന്നു ജോസ് കെ.മാണിയും ഇടത് പ്രവർത്തകരും.
കടുത്തുരുത്തിയിൽ മോൻസ് ജോസഫും സുരേഷ് ഇട്ടിക്കുന്നേലും കുറവിലങ്ങാട് നിർമ്മല ജിമ്മിയും ആവേശം വിതറി. പ്രവർത്തകർ കൊണ്ട് സമ്പന്നമായ വൈക്കം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ കൊട്ടിക്കലാശം വൈക്കത്തായിരുന്നു.
ജെ.സി.ബിയ്ക്ക് മുകളിൽ കയറിയാണ് പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലും പ്രവർത്തകരും ആവേശം വിതറിയത്. പാമ്പാടിയിലായിരുന്നു പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി കെ.എം.രാധാകൃഷ്ണനും ബി.ജെ.പി സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനവും. ഡി.ജെ. വാഹനം ഉൾപ്പെടെ ഒരുക്കിയിരുന്നു.
ചങ്ങനാശേരി കേന്ദ്രീകരിച്ചായിരുന്നു ജോബ് മൈക്കിളും വിനു ജോബും രാധാകൃഷ്ണ മേനോനും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകിയത്. കാവടിയും കൊട്ടും ആട്ടവുമായി പ്രവർത്തകർ ആവേശത്തിലായി.
പാമ്പാടിയിൽ സംഘർഷം
പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനത്തിന്റെ കലാശക്കൊട്ടിനിടെ സംഘർഷം. ബി.ജെ.പിയുടെ ഡി.ജെ വാഹനത്തിൽ കയറി തുള്ളിയ ഡിവൈ.എഫ്.ഐ പ്രവർത്തകരെ തടഞ്ഞെന്നാരോപിച്ചായിരുന്നു സംഘർഷം. യുവമോർച്ച നേതാവ് ഗോകുൽ സുരേഷ് ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |