കൊച്ചി: 'എറണാകുളത്തപ്പന് ഒരടി മണ്ണ്" എന്ന ക്യാമ്പയിനിലൂടെ സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാൽ കൊച്ചിൻ ദേവസ്വം ബോർഡിന് മാത്രമേ ഇതിന്റെ ഭരണനിർവഹണം നടത്താനാകൂ. സ്വത്തിന്റെ പകുതിയായ 1.18 ഏക്കർ ഭൂമി നിലവിൽ എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെ കൈവശമാണ്. ഇത് അസാധുവായെന്നും സ്വത്ത് മുഴുവൻ ബോർഡാണ് കൈകാര്യം ചെയ്യേണ്ടതെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ശിവഭഗവാന്റെ പേരിൽ ശേഖരിച്ച തുക കൃത്യമായി അക്കൗണ്ട് ചെയ്യാനും ഓഡിറ്റ് ചെയ്യാനും ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. ക്രമക്കേട് കണ്ടെത്തിയാൽ പരാതി നൽകണം. ഉത്തരവാദികൾക്കെതിരെ നിയമനടപടി ആരംഭിക്കണം.
സ്വത്ത് ദേവസ്വം ബോർഡിന്റെ പേരിൽ പോക്കുവരവ് ചെയ്യണം. ബന്ധപ്പെട്ട റവന്യൂ രേഖകളിൽ ചേർക്കണം. എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് രേഖകളിലും വിശദാംശങ്ങൾ ചേർക്കണം.
എറണാകുളത്തപ്പൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെ തീർപ്പാക്കിയാണ് ഉത്തരവ്.
ക്ഷേത്രക്ഷേമ സമിതിക്കു രൂക്ഷ വിമർശനം
• ജനങ്ങളിൽ നിന്നു ഫണ്ട് ശേഖരിച്ച രേഖകൾ ഹാജരാക്കാത്തത് വീഴ്ചയല്ല, വിഷയത്തിന്റെ വേരിലേക്കിറങ്ങുന്ന കാര്യം.
• കോടതിയുടെ അനുമതിയോടെ ഫണ്ട് ശേഖരിച്ച സമിതി ട്രസ്റ്റിയുടെ സ്ഥാനത്താണ്, സുതാര്യത ഉറപ്പാക്കണം
• സ്വത്തിന്റെ പകുതി ക്ഷേത്രസമിതി കൈവശം വയ്‌ക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനം
• ക്ഷേത്രത്തിന്റെ പേരിൽ മാത്രമായിരിക്കണം കരാർ എന്ന് കോടതി നിർദേശിച്ചതാണ്
• ഫണ്ടിന്റെ വിനിയോഗം കൃത്യമായി അക്കൗണ്ട് ചെയ്തിട്ടില്ല
• രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം ഫണ്ട് വിനിയോഗം മറയ്ക്കാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |