
ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയുമായി ബന്ധപ്പെട്ട് കുറഞ്ഞ കട്ട് ഓഫ് മാർക്ക് നിശ്ചയിച്ച കേന്ദ്ര നടപടിയിൽ ഏപ്രിൽ 28ന് സുപ്രീംകോടതി വാദം കേൾക്കും. കുറഞ്ഞ കട്ട് ഓഫ് മാർക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ഏതെങ്കിലും തരത്തിൽ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളുടെ സുരക്ഷ, പൊതുജനാരോഗ്യം, മെഡിക്കൽ പ്രൊഫഷന്റെ വിശ്വാസ്യത എന്നിവയെ ബാധിക്കുന്ന വിഷയമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്.
2025-26 അദ്ധ്യയനവർഷത്തെ നീറ്റ് പി.ജി പരീക്ഷയിലായിരുന്നു കേന്ദ്രത്തിന്റെ ഇടപെടൽ. കഴിഞ്ഞ ജനുവരി 9ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. പിന്നാലെ, മൂന്നാം റൗണ്ട് നീറ്റ് പി.ജി കൗൺസിലിംഗിലെ കട്ട് ഓഫ് മാർക്ക് കുറച്ചു. പുതുക്കിയ ഫലം ജനുവരി 13ന് പ്രസിദ്ധീകരിച്ചു. 95913 പേർക്ക് കൂടി ഇതോടെ കൗൺസിലിംഗിന് യോഗ്യത ലഭിച്ചെന്ന് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |