
പവൻ ഖേര ഓടിയൊളിച്ചു: ഹിമന്ത
ന്യൂഡൽഹി: അസാം മുഖ്യമന്ത്രി ഹിമന്ത ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ പാസ്പോർട്ട് ആരോപണമുന്നയിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വസതിയിൽ റെയ്ഡ്. ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു. ഡൽഹി-അസാം പൊലീസ് സംയുക്തമായാണ് ഡൽഹി സാമുദ്ദീൻ ഈസ്റ്റിലുള്ള വസതിയിൽ റെയ്ഡ് നടത്തിയത്. ഈ സമയം പവൻ ഖേര ഹൈദരാബാദിലായിരുന്നു.
ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ചവരെ നീണ്ടു. ഹിമന്തയുടെ ഭാര്യ റിനികി ഭുയാൻ ശർമ്മയുടെ പരാതിയിൽ ഗുവാഹത്തി ക്രൈംബ്രാഞ്ച് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് നടപടി. പവൻ ഖേരയെ ചോദ്യം ചെയ്യാനാണെത്തിയതെന്നും അത് ചെയ്യുമെന്നും അസാം പൊലീസ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ദേബോജിത് നാഥ് പ്രതികരിച്ചു.റിനികിക്ക് മൂന്ന് പാസ്‌പോർട്ടുകളുണ്ടെന്നും യു.എസിൽ 52,000 കോടി രൂപയുടെ ബിസിനസ് താത്‌പര്യങ്ങളുണ്ടെന്നും ഖേര ആരോപിച്ചിരുന്നു.
അയാൾ ഇന്നലെ ഗുവാഹത്തിയിൽ നിന്ന് ഒളിച്ചോടി. ഡൽഹിയിലെ വസതിയിൽ പൊലീസെത്തിയെന്ന് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു, പക്ഷേ അദ്ദേഹം ഒളിച്ചോടി. നിയമം അതിന്റേതായ വഴിക്ക് പോകും
-ഹിമന്ത ബിശ്വ ശർമ്മ
അസാം മുഖ്യമന്ത്രി
അസാം പൊലീസ് നടത്തുന്നത് വേട്ട. ഖേരയുടെ ആരോപണം പൊതുതാത്‌പര്യത്തെ അടിസ്ഥാനമാക്കിയാണ്. അതിന് അദ്ദേഹത്തിന്റെ വസതിയിൽ വൻ പൊലീസ് അകമ്പടിയോടെ നടത്തിയ റെയ്ഡ് അസാം മുഖ്യമന്ത്രി അസ്വസ്ഥനും നിരാശനുമാണെന്ന് തെളിയിക്കുന്നു
-ജയറാം രമേശ്
കോൺ. ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |