
ന്യൂഡൽഹി: അസാമിലും നാളെയാണ് വോട്ടെടുപ്പ്. 126 അംഗ നിയമസഭയിലേക്ക് ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 2016 മുതൽ ഭരണത്തിലുള്ള ബി.ജെ.പി ഹാട്രിക് ജയത്തിനായി ശ്രമിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ പ്രധാന സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബി.ജെ.പിയും മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗൊഗോയുടെ നേതൃത്വത്തിൽ കോൺഗ്രസും നേർക്കുനേർ പോരാട്ടം.
നുഴഞ്ഞുകയറ്റത്തെ ചെറുക്കൽ, ഏകസിവിൽ കോഡ് വിഷയങ്ങളിലൂന്നിയ ബി.ജെ.പി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെ മുൻനിര നേതാക്കളെത്തി. ഭിന്നിപ്പ് രാഷ്ട്രീയം, അഴിമതി, വികസന വിഷയങ്ങളിലാണ് കോൺഗ്രസ് കേന്ദ്രീകരിച്ചത്. സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായം, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ തുടങ്ങിയ ക്ഷേമ പദ്ധതികളും കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കൾ കോൺഗ്രസിനായി പ്രചാരണം നടത്തി.
കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ ഗൗരവ് ഗൊഗോയിക്കെതിരെ പാക് ബന്ധവും ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ശർമ്മയ്‌ക്കെതിരെ വിദേശ സ്വത്ത് ആരോപണവും ഉയർന്നത് അവസാന ദിവസങ്ങളിൽ വാക‌്പോരും രൂക്ഷമാക്കി.
പ്രമുഖ സ്ഥാനാർത്ഥികൾ: ഹിമന്ത ബിശ്വ ശർമ്മ, ഗൗരവ് ഗൊഗോയ്, എ.ഐ.യു.ഡി.എഫ് മേധാവി ബദ്‌റുദ്ദീൻ അജ്മൽ, നിയമസഭാ സ്പീക്കർ ബിശ്വജിത് ദൈമറി, പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, അഖിൽ ഗൊഗോയ്, ലുരിൻജ്യോതി ഗൊഗോയ്
എൻ.ഡി.എ സഖ്യം
ബി.ജെ.പി,
അസം ഗണ പരിഷത്ത് (എ.ജി.പി),
ബോഡോ പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്)
പ്രതിപക്ഷ മുന്നണി:
കോൺഗ്രസ്,
റൈജോർ ദൾ, അസാം ജനതിയ പരിഷത്ത് (എ.ജെ.പി),
സി.പി.എം, സി.പി.ഐ (എംഎൽ),
ഓൾ പാർട്ടി ഹിൽ ലീഡേഴ്‌സ് കോൺഫറൻസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |