
വാളയാർ: അട്ടപ്പള്ളം ആൾക്കുട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയാണ് മരിച്ച വിനോദ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണസംഘം ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് പ്രതിയുടെ മരണം. ഒരു മാസം മുൻപ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഹെെക്കോടതി മറ്റ് എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കേസിൽ ആകെ ഒമ്പത് പ്രതികളുണ്ട്.
കഴിഞ്ഞ ഡിസംബർ 17നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് കിൻഫ്രയിൽ ജോലിക്കായാണ് രാംനാരായണൻ ഭയ്യാർ പാലക്കാട്ടെത്തിയത്. സംഭവം നടന്ന ഡിസംബർ 17ന് ബുധനാഴ്ച വഴിതെറ്റിയാണ് അദ്ദേഹം അട്ടപ്പള്ളം ഭാഗത്തെത്തിയത്. അപരിചിതനായ വ്യക്തിയെ കണ്ടപ്പോൾ നാട്ടുകാർ മോഷ്ടാവാണെന്ന സംശയത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി. ഇരയുടെ കൈവശം മോഷണ വസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ചോദ്യം ചെയ്യലും ആൾക്കൂട്ട വിചാരണയും തുടർന്നു.
രാംനാരായണിനെ തലയിൽ ഇടിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു. തുടർന്ന് ഒന്നര മണിക്കൂറോളം രാം നാരായണൻ രക്തം വാർന്ന് റോഡിൽ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും മർദനത്തിന്റെ കാഠിന്യം മൂലം അധികം താമസിയാതെ മരണപ്പെട്ടു. മർദനസമയത്ത് ഇരുപതോളം പേർ ഇയാൾക്കു ചുറ്റുമുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞിരുന്നു. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് രാം നാരായണന്. 2018ൽ അഗളിയിൽ മധുവിന്റെ കൊലപ്പെടുത്തിയതിനേക്കാൾ ക്രൂരമാണ് ഈ കൊലപാതകം. ആയിരക്കണക്കിനു മൃദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്‌തെങ്കിലും ഇത്രയുമേറെ മർദനമേറ്റ മൃതശരീരം ആദ്യമായാണ് കാണുന്നതെന്നാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |