
ന്യൂഡൽഹി: ഒന്നരവർഷത്തിലേറെയായി പിരിമുറുക്കത്തിലായ നയതന്ത്ര ബന്ധം സാധാരണനിലയിലാക്കാൻ ഇന്ത്യയും ബംഗ്ലാദേശും. ചൊവ്വാഴ്ച മൂന്നുദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. ഖാലിലുർ റഹ്‌മാൻ ഇന്നലെ നിർണായക നയതന്ത്ര ചർച്ചകൾ നടത്തി. വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരെ സന്ദർശിച്ചു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ചർച്ചയായെന്ന് ജയശങ്കർ പ്രതികരിച്ചു. പ്രാദേശിക - ആഗോള സാഹചര്യങ്ങൾ വിലയിരുത്തി. ഊർജ്ജ മേഖലയിലെ സഹകരണം ചർച്ചയായതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് ഹുമയൂൺ കബീർ, ഇന്ത്യയിലെ ബംഗ്ലാദേശ് സ്ഥാനപതി മുഹമ്മദ് റിയാസ് ഹമിദുള്ള എന്നിവരും നയതന്ത്ര സംഘത്തിലുണ്ടായിരുന്നു. ധാക്കയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ താരിഖ് റഹ്‌മാൻ സർക്കാർ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശിൽ നിന്നുള്ള ഉന്നതസംഘം രാജ്യത്തെത്തുന്നത്. 2024 ആഗസ്റ്റിൽ ഷെയ്‌ഖ് ഹസീന സർക്കാർ അധികാരത്തിൽ നിന്നു പുറത്തായി. ഷെയ്‌ഖ് ഹസീനയ്‌ക്ക് ഇന്ത്യ അഭയം നൽകി. ഇതിനിടെ, ബംഗ്ലാദേശിൽ ഹിന്ദു വിഭാഗത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കാൻ ഇടയാക്കി. അവിടുത്തെ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ അതിശക്തമായ ഭാഷയിൽ ഇന്ത്യ അപലപിച്ചിരുന്നു.
ഹസീനെയെ
കൈമാറണം
രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണൽ വധശിക്ഷ വിധിച്ച ഷെയ്‌ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് പ്രസ്‌താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ഡിസംബർ 12ന് ധാക്കയിൽ ഇൻക്വിലാബ് മോൻചോ വക്താവ് ഷെരീഫ് ഒസ്‌മാൻ ഹാദി കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികൾ ബംഗാളിൽ അറസ്റ്റിലായി. രണ്ടുപേരെയും ബംഗ്ലാദേശിന് കൈമാറുന്നതിലും കൂടിക്കാഴ്ചകളിൽ ധാരണയായി. ഇന്ത്യയിലേക്ക് മെഡിക്കൽ - ബിസിനസ് വിസകൾ അടക്കം കൂടുതൽ അനുവദിക്കണമെന്നും ഡീസൽ - വളം എന്നിവയുടെ വിതരണം കൂട്ടണമെന്നും അഭ്യർത്ഥിച്ചതായി ബംഗ്ലാദേശ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |