
ടെൽ അവീവ്: ഇറാനിലെ വെടിനിറുത്തൽ, ഹിസ്ബുള്ളയ്ക്കെതിരെ തുടരുന്ന ആക്രമണങ്ങളെ ബാധിക്കില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ലെബനൻ അശാന്തമായി തുടരുന്നു. ഇന്നലെ 10 മിനിറ്റിനിടെ ബെയ്റൂട്ട്, കിഴക്കൻ ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലായി 100 ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ഇസ്രയേൽ ബോംബിട്ടത്. 160ലേറെ ബോംബുകൾ പ്രയോഗിച്ചു. യുദ്ധം തുടങ്ങിയ ശേഷം ലെബനനിൽ ഇസ്രയേൽ നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണിത്. 254 പേർ കൊല്ലപ്പെട്ടെന്നും 1,100 ലേറെ പേർക്ക് പരിക്കേറ്റെന്നും ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സഹ്‌റാനി നദിയുടെ തെക്കൻ പ്രദേശങ്ങളിലുള്ള ജനങ്ങൾ ഉടൻ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ടൈർ നഗരത്തിൽ ആംബുലൻസ് ആക്രമിക്കപ്പെട്ടു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ തകർക്കുമെന്ന് ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു. ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് 2ന് ഇസ്രയേലിന് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം തുടങ്ങിയതോടെയാണ് ലെബനനിലേക്ക് യുദ്ധം വ്യാപിച്ചത്. ലെബനനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,100 കടന്നു.
അതിനിടെ, ഇറാനിൽ വെടിനിറുത്തൽ നടപ്പാക്കാനുള്ള യു.എസ് തീരുമാനം അംഗീകരിച്ചതിനെതിരെ ഇസ്രയേലിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ഇറാനിൽ സംയുക്തമായി ആക്രമണങ്ങൾ നടത്തിയിട്ടും ഇസ്രയേലുമായി കൂടിയാലോചിക്കാതെ യു.എസ് വെടിനിറുത്തലിന് തീരുമാനിച്ചത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സംഭവിച്ച രാഷ്ട്രീയ ദുരന്തമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയ്ർ ലാപിഡ് ആരോപിച്ചു. വെടിനിറുത്തൽ പ്രഖ്യാപിക്കുന്നതിന് മുന്നേ യു.എസ് തങ്ങളുമായി ബന്ധപ്പെട്ടെന്നാണ് ഇസ്രയേൽ സർക്കാരിന്റെ പ്രതികരണം. അതേ സമയം, ഇറാനിലെ വെടിനിറുത്തലിനെ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു.
# ഇറാൻ വെടിനിറുത്തലിന്
യാചിച്ചെന്ന് യു.എസ്
ഇറാൻ വെടിനിറുത്തലിന് യാചിച്ചെന്ന് യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
വെടിനിറുത്തൽ ഒരു താത്കാലിക വിരാമം മാത്രമാണെന്നും ആവശ്യപ്പെട്ടാൽ യുദ്ധം പുനരാരംഭിക്കാൻ സജ്ജമാണെന്നും യു.എസ് സൈന്യം
ഇറാനിലെ 13,000 ടാർജറ്റുകൾ തകർത്തെന്ന് യു.എസ്. വ്യോമപ്രതിരോധ സംവിധാനങ്ങൾ 80 ശതമാനം തകർത്തു. നാവിക ശേഷിയും ആയുധ ഫാക്ടറികളും 90 ശതമാനവും തകർത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |