
കയ്പമംഗലം: ചെന്ത്രാപ്പിന്നി മേഖലയിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ച് മാസം. നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാർ. എടത്തിരുത്തി പത്താം വാർഡ് നേതാജി റോഡ് പരിസരത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിലച്ചത്. അഞ്ച് മാസമായിട്ടും പ്രശ്‌നം പരിഹരിക്കാത്തതിനെ തുടർന്ന് വോട്ട് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇനിയും കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരുമെന്ന മുന്നറിയിപ്പുമായി നാട്ടുകാർ രംഗത്തെത്തി.
നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഈ മേഖലയിൽ കുടിവെള്ളമെത്തുന്നത്. ചെന്ത്രാപ്പിന്നിയിൽ ദേശീയപാതയോരത്ത് 200 എം.എം വിതരണ പൈപ്പ് പൊട്ടിയതാണ് ഈ മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. അറുപതോളം വീടുകളിലെ കുടിവെള്ള വിതരണമാണ് നിലവിൽ മുടങ്ങിയത്.
അഞ്ച് മാസം മുമ്പ് പൊട്ടിയ പൈപ്പ് രണ്ട് തവണ കരാറുകാരെത്തി ചോർച്ചയടച്ചു. എന്നാൽ വെള്ളം പമ്പ് ചെയ്യുന്നതോടെ വീണ്ടും പൈപ്പ് പൊട്ടും. കുടിവെള്ളമില്ലാതായതോടെ, പഞ്ചായത്തിന്റെ കീഴിലുള്ള വാട്ടർ കിയോസ്‌ക്കുകളിൽ നിന്നും, ബന്ധു വീടുകളിൽ നിന്നും മറ്റുമാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്.
കാന നിറച്ച്, റോഡ് കുഴിച്ച്
അഞ്ച് മാസം മുമ്പ് ആദ്യം പൊട്ടി
പിന്നാലെ ചോർച്ചയടച്ചു, പമ്പിംഗിന് പിന്നാലെ വീണ്ടും പൊട്ടൽ
ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കാനയിലേക്ക്
പൈപ്പ് നന്നാക്കാൻ ദേശീയപാതയോരത്ത് എടുത്ത കുഴി കുളമായി
റോഡിൽ അപകട ഭീഷണിയായി ഈ കുഴികൾ
എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിരുന്നു. എന്നിട്ടും വേണ്ട വിധം പരിഗണിച്ചില്ല.
ഉമറുൽ ഫാറൂഖ്
വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |