
ഗർഭനിരോധനം എന്നത് ഇന്ന് പുതുമയുള്ള ഒന്നല്ല. സ്ഥിരമായതും ആവശ്യമായ സമയങ്ങളിൽ മാത്രം ഉപയോഗിക്കുന്നതുമായി നിരവധി മാർഗങ്ങൾ ഇപ്പോഴുണ്ട്. എങ്കിലും ഇതൊന്നും ഉപയോഗിക്കാത്തവരും നിരവധിയാണ്. വിശ്വാസത്തിന്റെയും മറ്റും പേരുപറഞ്ഞാണ് ഇത്തരക്കാർ ഗർഭനിരോധന മാർഗങ്ങളെ തള്ളിക്കളയുന്നത്. പണ്ടുകാലങ്ങളിൽ സ്വീകരിച്ചിരുന്ന ഗർഭനിരോധന മാർഗങ്ങളെപ്പറ്റി അറിഞ്ഞാൽ അറിയാതെ ആരും മൂക്കത്ത് വിരൽവച്ചുപോകും. ഇതിൽ പലതും ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് സ്വീകരിച്ചിരുന്നതെന്നാണ് ഏറെ കൗതുകം. അതിൽ ചിലതിനെക്കുറിച്ച് പരിശോധിക്കാം.
നാരങ്ങാനീര്, തൈലങ്ങൾ, പകുതിമുറിച്ച നാരങ്ങ, തേൻ തുടങ്ങിയവയാണ് പണ്ടുകാലത്ത് ഗർഭ നിരോധനത്തിനായി ഉപയോഗിച്ചിരുന്നത്. നാരങ്ങാ നീരിനും തേനിനുമൊക്കെ ഗർഭം ഇല്ലാതാക്കാൻ അപാരമായ കഴിവുണ്ടെന്നാണ് അന്ന് വിശ്വസിച്ചിരുന്നത്. പകുതിമുറിച്ച നാരങ്ങയുടെ ഉപയോഗമാണ് ഏറെ ഭീകരം. ഇത് സ്ത്രീയുടെ ജനനേന്ദ്രിയത്തിനുള്ളിൽ കടത്തിവച്ചശേഷം ലൈംഗികബന്ധത്തിലേർപ്പെടും. യോനിയും ഗർഭപാത്രവും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം നാരങ്ങ കയറ്റിവയ്ക്കുന്നതിലൂടെ അടയുകയും അങ്ങനെ ഗർഭം ഉണ്ടാകില്ലെന്നുമാണ് വിശ്വസിച്ചിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ സ്ത്രീകൾക്ക് അണുബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നോ അതുമൂലം ജീവൻതന്നെ അപകടത്തിലാകുമെന്നോ അന്ന് അറിവില്ലായിരുന്നു എന്നുവേണം കരുതാൻ. കാലം കുറച്ചുകൂടി പുരോഗമിച്ചതോടെ മറ്റുചില മാർഗങ്ങൾ പ്രയോഗിച്ചുതുടങ്ങി. ലൈംഗികബന്ധത്തിനുശേഷം ചില പഴങ്ങൾ കഴിക്കുന്നതിലൂടെയും ചില മരങ്ങളുടെയും ഫലങ്ങളുടെയും കറകൾ ഉപയോഗിക്കുന്നതിലൂടെയും ഗർഭം ഉണ്ടാകുന്നത് തടയുമെന്ന് വിശ്വസിച്ചിരുന്നു. ഇതൊന്നും തൃപ്തികരമായ ഫലം നൽകില്ലെന്ന് വ്യക്തമായതോടെയാണ് സുരക്ഷിതമായതും ലൈംഗികബന്ധത്തിന്റെ സുഖം നശിപ്പിക്കാത്തതുമായ ഒരു ഉപകരണം വേണമെന്ന ചിന്ത മനുഷ്യനിൽ ഉടലെടുത്തത്. അങ്ങനെയാണ് ഗർഭനിരോധന ഉറ എന്ന ആശയത്തിലേക്ക് എത്തിയത്.
എല്ലാത്തിനും കാരണം ആ ചിത്രം
പുരാതന ഈജിപ്തുകാരാണ് ഗർഭനിരോധന ഉറയ്ക്കുപിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് കരുതുന്നത്. മൃഗങ്ങളുടെ കുടൽ, താെലി എന്നിവയാണ് അവർ ഇതിനായി ഉപയോഗിച്ചിരുന്നത്. ഫ്രാൻസിൽ കണ്ടെത്തിയ ഒരു ഗുഹാചിത്രമാണ് ഉറകളുടെ കണ്ടുപിടിത്തത്തിലേക്ക് എത്തിച്ചത്. BC 11000 കാലത്തേത് എന്നുകരുതുന്നതാണ് ചിത്രം. ലൈംഗികബന്ധത്തിലേർപ്പെടുന്ന ആ ചിത്രത്തിൽ പുരുഷജനനേന്ദ്രിയത്തിൽ ഉറപോലുള്ള എന്തോ ഒന്ന് പിടിപ്പിച്ചിരിക്കുന്നതായി വ്യക്തമായിരുന്നു. ഗ്രീക്ക് ഐതിഹ്യത്തിൽ മിനോസ് എന്ന രാജാവ് ആടിന്റെ മൂത്രാശയം കൊണ്ടുണ്ടാക്കിയ ഗർഭ നിരോധന ഉറ ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്. ഗ്രീക്കുകാരും റോമാക്കാരും ലിനൻ, ആടിന്റെ കുടൽ, മൂത്രാശയം എന്നിവ ഉപയോഗിച്ചാണ് ഉറകൾ നിർമ്മിച്ചിരുന്നത്. എന്നാൽ ജപ്പാൻകാർ ഇതിനായി ആമയുടെ തോടാണ് ഉപയോഗിച്ചിരുന്നത്. ഇംഗ്ലണ്ടിലെ അതിപുരാതനമായ ഡുഡ്ലെ കൊട്ടാരത്തിലെ മാലിന്യക്കുഴിയിൽ നിന്ന് 1642ലാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള ഗർഭനിരോധന ഉറ കണ്ടെത്തിയത്.
1640 മുതൽ ഗർഭ നിരോധന ഉറകൾ പ്രചാരത്തിലുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ലൈംഗികതൊഴിലാളികളായ സ്ത്രീകളെ സമീപിക്കുന്ന സൈനികർക്ക് ലൈംഗികരോഗങ്ങൾ വ്യാപിക്കാതിരിക്കാൻ ചാൾസ് ഒന്നാമൻ രാജാവ് ഉറകൾ ഉപയോഗിക്കാൻ നിർദേശിച്ചിരുന്നു. ചാൾസ് രണ്ടാമനും ഉറകൾ ഉപയോഗിച്ചിരുന്നുവത്രേ. ഇക്കാലത്തൊക്കെ ഉറകൾക്ക് വൻ വിലയായിരുന്നതിനാൽ പണക്കാർക്ക് മാത്രമാണ് ഇവ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.
ലാറ്റക്സാണ് ഇപ്പോൾ ഉറകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. എത്രവേണമെങ്കിലും കനം കുറയ്ക്കാം എന്നതും പൊട്ടിപ്പോകില്ല എന്നതുമാണ് ഇതിന്റെ പ്രധാന ഗുണം. ലാറ്റക്സ് ഉപയോഗിച്ച് നിർമാണം തുടങ്ങിയപ്പോൾ പുരുഷ ജനനേന്ദ്രിയത്തിന്റെ മുൻഭാഗത്തുമാത്രം ധരിക്കാവുന്ന നിലയിലായിരുന്നു നിർമ്മാണം. ഓരോരുത്തരുടെയും അളവനുസരിച്ച് നിർമ്മിക്കണമെന്നതും സ്ത്രീ ജനനേന്ദ്രിയത്തിനുള്ളിൽ അകപ്പെടാനുള്ള സാദ്ധ്യത ഏറെയാണെന്നും കണ്ടെത്തിയതോടെയാണ് ജനനേന്ദ്രിയം മുഴുവൻ മൂടുന്ന തരത്തിലുള്ളതും ഏതൊരാൾക്കും ഉപയോഗിക്കാവുന്ന ഒരൊറ്റവലിപ്പത്തിൽ ഉറകൾ നിർമ്മിച്ചുതുടങ്ങിയത്. ലൂബ്രിക്കന്റുകൾ അടങ്ങിയതും വിവിധ നിറത്തിലും മണത്തിലും ഉള്ളതും ബീജ നാശിനികൾ അടങ്ങിയതുമായ ഉറകൾ ഇപ്പോൾ ലഭ്യമാണ്.
ഗുളികകളും, കുത്തിവയ്ക്കുകളും തൊലിക്കുളളിൽ വയ്ക്കാവുന്നതുമായി നിരവധി ഗർഭ നിരോധന മാർഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. ഗർഭ നിരോധനത്തിന് പുറമേ ലൈംഗിക രോഗങ്ങൾ പകരുന്നതും ഗർഭനിരോധനകളുടെ ഉപയോഗത്തിലൂടെ തടയാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |