
ന്യൂഡൽഹി: മുഖാമുഖം കണ്ടപ്പോൾ ചെറുപുഞ്ചിരി. കുശലാന്വേഷണം. സുഹൃത്തുക്കളുടേതു പോലുള്ള ശരീരഭാഷ. പാർലമെന്റിലും പുറത്തും രാഷ്ട്രീയമായി കടിച്ചുകീറുന്ന മോദിയും രാഹുലും ഇന്നലെ സൗഹൃദം പങ്കിട്ടത് സോഷ്യൽ മീഡിയയിൽ വൈറലായി. ഇതൊരു നല്ല തുടക്കമാകട്ടെ. രാജ്യത്തിന്റെ വളർച്ചയ്‌ക്ക് ഒരുമിച്ച് മുന്നോട്ടു പോകൂവെന്ന് പലരും ആശംസിച്ചു.
സാമൂഹിക പരിഷ്‌കർത്താവ് മഹാത്മ ജ്യോതിറാവു ഫുലെയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് വളപ്പിലെ പ്രതിമയിൽ പുഷ്‌പാർച്ചനയ്ക്ക് എത്തിയതാണ് നേതാക്കൾ. കാറിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്ന രാഹുൽ ഗാന്ധിയെയടക്കം നേതാക്കളെ അഭിവാദ്യം ചെയ്‌തു. തൊഴുകൈയോടെ മുന്നോട്ടു നീങ്ങിയപ്പോൾ മന്ദഹാസത്തോടെ രാഹുലും തൊഴുതു. അൽപ്പനേരം മോദി അവിടെ നിന്നു. രാഹുലിനോട് സംസാരിച്ചു. സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി ജെ.പി. നദ്ദ തുടങ്ങിയവർ സമീപത്തുണ്ടായിരുന്നു. രാഹുലിനൊപ്പം ഗ്രൂപ്പ് ഫോട്ടോയുമെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്.
സുഖാന്വേഷണമാണ് മോദി നടത്തിയതെന്നാണ് സൂചന. വനിതാ സംവരണ ബിൽ ഒറ്രക്കെട്ടായി പാർലമെന്റ് പാസാക്കണമെന്ന് മോദി അഭ്യർത്ഥിച്ചതിനു പിന്നാലെയാണിതെന്നത് ശ്രദ്ധേയമാണ്. 16നാണ് ബിൽ ലോക്സഭയിൽ വരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |